പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ

Posted on: August 21, 2019

ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമത് യുഎഇ സന്ദർശനം, ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം, ഈർജ്ജം, ആരോഗ്യ സംരക്ഷണം, ടൂറിസം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ സുപ്രധാന സാമ്പത്തിക മേഖലകളിൽ കൂടുതൽ തന്ത്രപരമായ പങ്കാളിത്തത്തിന് കാരണമാകും.

ഒപ്പം യുഎഇ ബിസിനസുകളിൽ നിന്ന് ഇന്ത്യയിലേക്ക് എഫ്ഡിഐയെ പ്രോത്സാഹിപ്പിക്കുന്നതിനും ആക്കം കൂട്ടും. യുഎഇയിൽ റുപേ കാർഡ് ആരംഭിക്കുന്നത്, സാമ്പത്തിക സ്വാതന്ത്ര്യത്തെ വർദ്ധിപ്പിക്കുകയും, ഇരു രാജ്യങ്ങളുടെയും പേമെന്റ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ദശലക്ഷം ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2020 ഓടെ ഇരു രാജ്യങ്ങൾക്കിടയിലുളള നിക്ഷേപവും വ്യാപാരവും 100 ബില്യൺ ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പോലുള്ള നിരവധി യുഎഇ കമ്പനികൾ അടുത്ത അഞ്ച് വർഷത്തിനുളളിൽ ഇന്ത്യയിൽ തങ്ങളുടെ സംരംഭങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.