സൗദിയ സര്‍വീസുകളെല്ലാം വൈകാതെ ജിദ്ദയിലെ പുതിയ വിമാനത്താവളത്തില്‍നിന്ന്

Posted on: October 28, 2019

ജിദ്ദ: വരുന്ന രണ്ടുമാസത്തിനുള്ളില്‍ സൗദി അറേബ്യയുടെ വിമാനക്കമ്പനിയായ സൗദിയയുടെ മുഴുവന്‍യാത്രകളും ജിദ്ദയിലെ പുതിയ വിമാനത്താവളത്തില്‍നിന്നായിരിക്കും. കോഴിക്കോട്, കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ 10 മുതല്‍ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും.

സൗദിയ’യുടെ എല്ലാ യാത്രകളും രണ്ട് മാസത്തിനുള്ളില്‍ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഒന്നാംനമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഡിസംബര്‍ 10-ന് ഇന്ത്യന്‍ സെക്ടറായ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ലഖ്നൗ, ബെംഗളൂരു, ചെന്നൈയടക്കം 12 ഡെസ്റ്റിനേഷന്‍ സെന്ററുകളിലേക്കുള്ള ‘സൗദിയ’യുടെ യാത്രകള്‍ പുതിയ ടര്‍മിനലിലേക്ക് മാറ്റിത്തുടങ്ങും.

മദീന, റിയാദ്, ദമ്മാം, അല്‍ ഖസീം ഒഴിച്ചുള്ള 21 ആഭ്യന്തര മേഖലകളിലേക്കുള്ള യാത്രയും സര്‍വീസുകളും അബുദാബി, ബഹ്റൈന്‍, മസ്‌കറ്റ്, അമ്മാന്‍, അലക്‌സാന്‍ഡ്രിയ തുടങ്ങിയ ഏതാനും അന്താരാഷ്ട്ര യാത്രയും ഇതിനകംതന്നെ സൗദിയ പുതിയ ടെര്‍മിനല്‍ വഴിയാണ് നടത്തുന്നത്. രണ്ടുമാസത്തിനുള്ളില്‍ എല്ലാ വിമാനസര്‍വീസും  പുതിയവിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS: Jidha Airport | Saudia |