ഉപയോക്താക്കള്‍ക്ക് കിയോസ്‌ക് സംവിധാനമൊരുക്കി ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്

Posted on: May 3, 2019

മസ്‌കറ്റ്: ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്. നവീനവും ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ വഴി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന കിയോസ്‌ക് സംവിധാനമാണ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളോ പണമോ ഉപയോഗിച്ചു വിനിമയം നടത്താന്‍ സാധിക്കുന്ന വിധമാണ് കിയോസ്‌ക് ഒരുക്കിയിരിക്കുന്നത്. ഇതുവഴി ക്യു ഒഴിവാക്കാന്‍ സാധിക്കും. ഈ സൗകര്യത്തോടുകൂടിയ സുല്‍ത്താനേറ്റിലെ ആദ്യത്തെ എക്‌സ്‌ചേഞ്ച് ഹൗസായി ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് മാറും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നാഷണല്‍ ഐഡിയോ, റസിഡന്റ് ഐഡിയോ കിയോസ്‌കില്‍ നിക്ഷേപിക്കുന്നതോടെ അവരുടെ വിശദാംശങ്ങള്‍ കിയോസ്‌ക് മെഷീനില്‍ തെളിയുകയും ആവശ്യാനുസരണം ലോകത്തിലേക്കെവിടെ വേണമെങ്കിലും പണമിടപാട് നടത്താനും സാധിക്കും. ഒമാന്‍ ഐഡന്റിറ്റി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കിയോസ്‌കില്‍ തെളിയുന്നത്.

സുല്‍ത്താനേറ്റിലെ മറ്റു ശാഖകളില്‍ ഉടന്‍ സ്വയം സേവന കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ സമയോചിതം പ്രയോജനപ്പെടുത്തി ഉപയോക്താക്കളെ എന്നും പിന്തുണച്ചിട്ടുള്ള ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് ഡിജിറ്റല്‍ പ്രതലത്തില്‍ നടത്തി വരുന്ന സമൂല വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കിയോസ്‌ക് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന് നന്ദിയുണ്ടെന്നും ഒമാന്‍ യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബോബന്‍ എംപി പറഞ്ഞു.