യു.എസ്.ടി ബ്ലൂക്കോഞ്ചിന് ഐ.ടി – ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള പുരസ്‌ക്കാരം

Posted on: January 13, 2022

തിരുവനന്തപുരം : അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആന്‍ഡ് പ്ലാറ്റ്ഫോം എന്‍ജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ഡി.എസ്.സി.ഐ എക്സലന്‍സ് പുരസ്‌ക്കാരം ലഭിച്ചു.

ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.എസ്.സി.ഐ) ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന വ്യവസായ അനുബന്ധ പ്രസ്ഥാനമാണ്. നാസ്‌കോമാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ലോകത്തെ സൈബറിടങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഡി.എസ്.സി.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി മികച്ച മാനദണ്ഡങ്ങളും സംവിധാനങ്ങളും ഡി.എസ്.സി.ഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ അപകട സാധ്യതകള്‍ മനസിലാക്കാനും അവയെ പ്രതിരോധിക്കുന്നതിനും മികച്ച രീതിയില്‍ വ്യവസായം നടത്തുന്നതിന് തന്ത്രപരവും നൂതനവുമായ സുരക്ഷാ സംരംഭങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും തിരിച്ചറിയാനും ആദരിക്കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഡി.എസ്.സി.ഐ എക്സലന്‍സ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വ്യവസായത്തിന്റെയും വളര്‍ച്ചക്ക് ഡാറ്റാ സംരക്ഷണം എങ്ങനെ ഫലപ്രദമായി നടത്താം എന്നതാണ് ഈ അംഗീകാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

യു.എസ്.ടി ബ്ലൂക്കോഞ്ച് ഇന്‍ഫോസെക്ക് വിഭാഗം തലവനായ അനില്‍ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്‌ക്കാരം ലഭിച്ചത്. കോവിഡാനന്തര കാലഘട്ടത്തിലെ മികച്ച സുരക്ഷാ സംരംഭങ്ങള്‍ക്കുള്ള വിജയികളെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ആദ്യത്തെ നാല് ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ഇന്‍ഫോസൈക്കിനും എത്താന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. 2021 ഡിസംബര്‍ 16 ന് അംഗീകാരങ്ങള്‍ വെര്‍ച്ച്വലായിട്ടാണ് വിതരണം ചെയ്തത്.

അന്താരാഷ്ട തലത്തില്‍ ഉപഭേക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഉത്പന്ന, പ്ലാറ്റ്ഫോം എന്‍ജിനിയറിംഗ് മേഖലകളിലെ ആഗോള തലവന്‍ എന്ന നിലയില്‍ ഉപഭോക്താക്കളുടെ ഐ.പി സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ അപൂര്‍വ്വ നേട്ടത്തെ കുറിച്ച് പ്രതികരിക്കവേ യു.എസ്.ടി ബ്ലൂക്കോഞ്ച് പ്രസിഡന്റ് എസ്. രാം പ്രസാദ് പറഞ്ഞു. സുരക്ഷയും സ്വകാര്യതയുമാണ് ഞങ്ങള്‍ നല്‍കുന്ന സേവന വാഗ്ദാനങ്ങള്‍. സുശക്തമായൊരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി മികച്ച ഇന്‍-ക്ലാസ് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത് തുടരുമെന്നും എസ്.രാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഐ.ടി/ ഐ.ടി.ഇ.എസ് മേഖലകളിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നതായി യു.എസ്.ടി ബ്ലൂക്കോഞ്ചിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ഡാറ്റാ പ്രൈവസി ഓഫീസര്‍ അനില്‍ ലോലെ പറഞ്ഞു. പ്രൈവസി ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ലഭിച്ചതില്‍ താന്‍ വിനയാന്വിതനാണെന്നും ഇത്തരം അംഗീകാരങ്ങള്‍ ഞങ്ങളുടെ കഴിവുകള്‍ ആഗോള തലത്തിലുള്ള ഉപഭോക്താക്കളുമായും പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത ഉത്പന്ന എന്‍ജിനിയറിംഗ് രീതികളുമായി ബന്ധപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആവേശം ഇത് ഇരട്ടിയാക്കുമെന്നും അനില്‍ ലോലെ വിശ്വാസം പ്രകടിപ്പിച്ചു.

യു.എസ്.ടി ബ്ലൂകോഞ്ച് : ഉത്പന്നങ്ങളിലും പ്ലാറ്റ്ഫോം എന്‍ജിനിയറിംഗ് സേവനങ്ങളിലുമാണ് യു.എസ്.ടി ബ്ലൂക്കോഞ്ച് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഉപഭോക്തൃ സമൂഹങ്ങള്‍ക്കും മികച്ച നിലവാരത്തിലുള്ള ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 24 വര്‍ഷത്തിലധികമായി ആരോഗ്യരക്ഷ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റീട്ടെയില്‍, ഫിന്‍ടെക്, ടെക്നോളജി എന്നീ മേഖലകളില്‍ 200 ലധികം ഗുണനിലവാരമുള്ള ഉത്പന്നങ്ങളും പ്ലാറ്റ്ഫോമുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. യു.എസ്.ടി ബ്ലൂകോഞ്ചിന്റെ 1200 ലധികം വരുന്ന കരുത്തുറ്റ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും സ്വായത്തമാക്കിയ ടീം ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു.

TAGS: Ust |