ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 17വരെ നിയന്ത്രണമില്ലാത്ത ഇന്‍കമിംഗും 10 രൂപ ടോക്ക് ടൈം ക്രെഡിറ്റുമായി വോഡഫോണ്‍ ഐഡിയ

Posted on: April 1, 2020

കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ വോഡഫോണ്‍ ഐഡിയ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന താഴ്ന്ന വരുമാനക്കാരായ പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ കാലാവധി ഏപ്രില്‍ 17 വരെ നീട്ടി. തങ്ങളുടെ പ്ലാനിന്റെ കാലാവധി നേരത്തെ കഴിഞ്ഞു എങ്കിലും ഇവര്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ ലഭിക്കും. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പത്തു രൂപയുടെ സംസാര സമയവും ക്രെഡിറ്റു ചെയ്യും.

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന പത്തു കോടിയോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കോളുകള്‍ വിളിക്കുവാനും എസ്എംഎസ് അയക്കുവാനും ഇത് ഉപയോഗിക്കാം. ബുദ്ധിമുട്ടേറിയ ഈ വേളയില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ തടസമില്ലാതെ കണക്ടഡ് ആയിരിക്കുവാന്‍ ഇതു സഹായിക്കുമെന്നും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് തങ്ങളുടെ നെറ്റ്വര്‍ക്ക് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈ വോഡഫോണ്‍, മൈ ഐഡിയ ആപ്പുകള്‍ വഴിയോ വെബ്സൈറ്റ് വഴിയോ ഇ-വാലറ്റുകള്‍ വഴിയോ *121 ഡയല്‍ ചെയ്തോ റീചാര്‍ജ് ചെയ്യാനാവും.

TAGS: Idea | Vodafone - Idea |