യുപിഐ ഐഡി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുളള സൗകര്യവുമായി വോഡഫോണ്‍ ഐഡിയ

Posted on: May 28, 2020

കൊച്ചി: ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഡിജിറ്റല്‍ തല്‍പരരല്ലാത്ത ഉപഭോക്താക്കള്‍ക്കും യുപിഐ ഐഡി മാത്രം ഉപയോഗിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ റീചാര്‍ജ് ചെയ്യാനുള്ള സവിശേഷമായ സംവിധാനത്തിന്  ടെലകോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ തുടക്കം കുറിച്ചു. ഈ സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിന് വോഡഫോണ്‍ ഐഡിയ രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവകരായ പേടിഎമ്മുമായി ധാരണയിലെത്തി.

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ക്ക് റീചാര്‍ജു ചെയ്യാനായി കടകള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഒഴിവായിക്കിട്ടുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും പേടിഎം ഉപയോക്താക്കളല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

യുഎസ്എസ്ഡി ചാനല്‍ വഴി *99 സേവനം അധിഷ്ഠിതമായാണ് ഇതു പ്രവര്‍ത്തിക്കുന്നത്. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള വഴി തുറക്കുന്ന ഈ സേവനം വഴി അടിസ്ഥാന ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ വഴി തുറക്കുകയാണ്.

തങ്ങളുടെ ഉപഭോക്താക്കളെ എല്ലായിപ്പോഴും കണക്ടഡായും സുരക്ഷിതരായും തുടരാന്‍ പിന്തുണക്കുയാണ് ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം ഡയറക്ടര്‍ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരാന്‍ സഹായിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റലായി കണക്ടഡ് അല്ലാത്ത നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പേടിഎമ്മുമായുള്ള ഈ സഹകരണം. മൊബൈല്‍ ഇന്റര്‍നെറ്റോ ആപ്പോ ഇല്ലാതെ റീചാര്‍ജ് ചെയ്യാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോഡഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. മൈവോഡഫോണ്‍, മൈഐഡിയ ആപ്പുകള്‍, വെബ് സൈറ്റുകള്‍, പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയ ഇ-വാലറ്റുകള്‍ എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം.

TAGS: Vodafone - Idea |