പുത്തന്‍ ക്യാമ്പസിനു പിന്നാലെ ഡിജിറ്റല്‍ സര്‍വകലാശാല ഐഐഐടിഎം-കെ കൈയടക്കിയത് അപൂര്‍വ നേട്ടങ്ങള്‍

Posted on: January 16, 2020

തിരുവനന്തപുരം: ബ്ലോക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങി വിപ്ലവാത്മകമായ വിവര സാങ്കേതികവിദ്യകളെക്കുറിച്ച് കേരളം കേള്‍ക്കുമ്പോള്‍ തന്നെ അവയില്‍ പഠനത്തിനും ഗവേഷണത്തിനും തുടക്കമിട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) യ്ക്ക് ഡിജിറ്റല്‍ സര്‍വകലാശാല പദവി ഇരട്ടിമധുരം.

ഐടിയില്‍ ഉന്നതപഠനവും ഗവേഷണവും സാധ്യമാക്കുന്ന രാജ്യാന്തര നിലവാരമുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌നോസിറ്റിയിലുള്ള വിശാലമായ ക്യാമ്പസിലേയ്ക്ക് വൈകാതെ മാറാനിരിക്കെയാണ് സര്‍വകലാശാലാ പദവി. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായാണ് ഐഐഐടിഎം-കെ പ്രവര്‍ത്തിക്കുന്നത്.

വിവരസാങ്കേതികവിദ്യയില്‍ പഠനവും ഗവേഷണവും മാത്രമല്ല മാനേജ്‌മെന്റ് വൈഭവവും ഐഐഐടിഎം-കെയ്ക്ക് സ്വന്തമായുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഐടി മേഖലയിലെ മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനു മാത്രമല്ല, സ്വയം തൊഴില്‍ കണ്ടെത്താനുള്ള ഇന്‍കുബേഷന്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. ഗവേഷണ പരിപാടികളും അധ്യയനത്തിലെ വിനിമയ പരിപാടികളിലും ബഹുരാഷ്ട്ര കമ്പനികളായ ഐബിഎം, ടിസിഎസ്, ഒറാക്കിള്‍, ജിഇ തുടങ്ങിയവയുമായി ഐഐഐടിഎം-കെ സഹകരിക്കുന്നുണ്ട്.

കേരളത്തിലെ ഏക ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജ് ഈ സ്ഥാപനത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലാ പദവി മേക്കര്‍ വില്ലേജിനും അനുഗ്രഹമാകും.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെയാണ് ഇപ്പോള്‍ കോഴ്‌സുകള്‍ നടത്തുന്നത്. പുതിയ സര്‍വകലാശാലയാകുന്നതോടെ സ്വന്തമായി കോഴ്‌സുകള്‍ നടത്തി ബിരുദങ്ങള്‍ നല്‍കാനാവും. കേരളത്തില്‍ ഐടി മേഖലയില്‍ ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസിന്റെ പണിയാണ് ടെക്‌നോസിറ്റിയില്‍ പൂര്‍ത്തിയാകുന്നത്. യു.ജി.സി, എ.ഐ.സി.ടി.ഇ എന്നിവയുടെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള ഹരിത ക്യാമ്പസാണിത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ഓപ്പണ്‍ എയര്‍ വേദികള്‍, പരീക്ഷാനിരീക്ഷണങ്ങള്‍ക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം പുതിയ ക്യാമ്പസില്‍ ഉണ്ടാകും.

ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയതലത്തില്‍ വരെ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമാണ് ഇതിനോടകം ഐഐഐടിഎം-കെ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്.

TAGS: IIITM-K |