ഐഐഐടിഎംകെയിൽെ കൊകൊനെറ്റ് 19രാജ്യാന്തര സമ്മേളനം 18 മുതൽ 21 വരെ

Posted on: December 11, 2019

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെൻറ് കേരള (ഐഐഐടിഎംകെ) കംപ്യൂട്ടിംഗ് ആൻഡ് നെറ്റ് വർക്ക് കമ്യൂണിക്കേഷൻസിൽ രാജ്യാന്തര സമ്മേളനമായ കൊകൊനെറ്റ്19 സംഘടിപ്പിക്കുന്നു. അസോസിയേഷൻ ഓഫ് കംപ്യൂട്ടിംഗ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണൽ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ ഡിസംബർ 18 മുതൽ 21 വരെ പള്ളിപ്പുറം ടെക്‌നോസിറ്റിയിലുള്ള പുതിയ ക്യാമ്പസിലാണ് മൂന്നാം സമ്മേളനം നടക്കുക. അപ്ലൈഡ് സോഫ്റ്റ് കംപ്യൂട്ടിംഗ് ആൻഡ് കമ്യൂണിക്കേഷൻ നെറ്റ് വർക്ക് അടിസ്ഥാനമാക്കി ‘എസിഎൻ 19’ രാജ്യാന്തര സമ്മേളനവും ഇതിനോടൊപ്പം സംയോജിതമായി നടക്കും.

ആഗോള തലത്തിലെ പ്രശസ്തരായ ഗവേഷകർ ആശയങ്ങൾ അവതരിപ്പിക്കുന്ന സമ്മേളനം ഗവേഷണ വിദ്യാർത്ഥികൾക്കും മേഖലയിലെ ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും ഗവേഷണ ഫലങ്ങളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിനും മറ്റു ഗവേഷകരുമായി സംവദിക്കുന്നതിനും വേദിയാകും. ഗവേഷണ, എൻജിനീയറിംഗ് മേഖലയിലുള്ള ആയിരത്തോളം വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കംപ്യൂട്ടർ സയൻസിലെ കൺജെഷൻ കൺട്രോൾ അൽഗോരിതം വികസിപ്പിച്ച വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. രാജ് ജെയിൻ, റോൾ ബെയ്‌സ്ഡ് അക്‌സസ് കൺട്രോൾ ഉപജ്ഞാതാവും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈബർ സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് ചീഫ് സയൻറിസ്റ്റുമായ പ്രഫ. രവി സന്ധു, യൂണിവേഴ്‌സിറ്റി ഓഫ് സിൻസിനാറ്റി പ്രഫ. ഡോ. ധർമ്മ പി അഗ്രവാൾ, ബഫല്ലോ യൂണിവേഴ്‌സിറ്റിയിലെ ഡോ. വിപിൻ ചൗധരി ഉൾപ്പെടെയുള്ള പ്രഗൽഭരായ ഗവേഷകരുടെ മുഖ്യപ്രഭാഷണങ്ങൾക്കും സമ്മേളനം വേദിയാകും. പതിനഞ്ചോളം സിംമ്പോസിയങ്ങളും ഇതിന്റെ ഭാഗമാണ്.

സ്ത്രീ ശാക്തീകരണം മുൻനിർത്തി വുമൺ ഇൻ കംപ്യൂട്ടിംഗിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 20 ന് സംവാദം സംഘടിപ്പിക്കുന്നുണ്ട്. അവസാന ദിനത്തിൽ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയുടെ നേതൃത്വത്തിലുള്ള ശില്പശാല നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ http://coconet-conference.org/2019/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.