റോട്ടറി ക്ലബ് ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു

Posted on: December 11, 2019

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ്‌സ് എന്‍ഡ് ‘ദി ക്രിസ്മസ് ബേക് ഓഫ്’ എന്ന പേരില്‍ കേക്ക്, മോക്ക്‌ടെയില്‍ മത്സരം സംഘടിപ്പിക്കുന്നു. പൊതുജങ്ങള്‍ക്കും റോട്ടറി അംഗങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരം. പ്ലം കേക്ക്, മോക്ക്‌ടെയില്‍ എന്നീ വിഭാഗങ്ങളില്‍ ഡിസംബര്‍ 14ന് ഒബ്‌റോണ്‍ മാളിലാണ് മത്സരം. വീട്ടില്‍ നിര്‍മിച്ച കേക്കുകളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തിലേക്കായി സമര്‍പ്പിക്കുന്ന കേക്കുകള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മിച്ചതാകണം. അര കിലോഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള കേക്കുകളാണ് പരിഗണിക്കുന്നത്. കേക്കിനോടൊപ്പം അതിന്റെ ചേരുവക്കുറിപ്പ് കേക്ക് നിര്‍മിച്ചതിന്റെ ഷോട്ട് വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. മോക്ക്‌ടെയില്‍ മത്സരാര്‍ത്ഥികള്‍ ആവശ്യമായ സാമഗ്രികള്‍ സ്വന്തമായി കരുതണം. മോക്ക്‌ടെയില്‍ നിര്‍മാണത്തില്‍ പരമ്പരാഗത ചേരുവകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

പ്രശസ്ത ഫുഡ് സ്‌റ്റൈലിസ്റ്റും, വ്‌ളോഗറുമായ ലിസ ജോജി, സെലിബ്രിറ്റി ഷെഫുമാരായ ജിഷോ തോമസ്, രാജീവ് മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ജഡ്ജിങ് പാനല്‍ വിജയികളെ തിരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ഈ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സേവന പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് റോട്ടറി ക്ലബ് അറിയിച്ചു.

ക്രിസ്മസ് ബേക്ക് ഓഫ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ലിറ്റില്‍ ഷെഫ് കിച്ച നിര്‍വഹിക്കും. ഇതോടൊപ്പം ലെ മെറിഡിയന്‍ ബാര്‍മാന്‍ നരേന്ദ്ര നയിക്കുന്ന വിവിധ മോക്ക്‌ടെയിലുകളുടെ നിര്‍മാണം വിശദീകരിക്കുന്ന ക്ലാസും, ഇന്ത്യയിലെ മുന്‍നിര പേസ്ട്രി ഷെഫുമാരില്‍ ഒരാളായ റുമാന ജസീല്‍ നയിക്കുന്ന കേക്ക് ഡെക്കറേറ്റിങ്ങ് ക്ലാസും ഉണ്ടായിരിക്കും. റോട്ടറി മ്യൂസിക് ഫ്രറ്റേര്‍ണിറ്റി സംഘടിപ്പിക്കുന്ന ഗാനമേളയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9895088388, 8129490264