റോട്ടറി ഇന്റര്‍നാഷണല്‍ 100 കോടിയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കും

Posted on: July 6, 2020

കൊച്ചി : റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ഈ വര്‍ഷം 100 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണറായി ചുമതലയേറ്റ എം. ജോസ് ചാക്കോ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലുള്ള 145 റോട്ടറി ക്ലബ്ബുകള്‍ മുഖേന ഭവനരഹിതര്‍ക്കായി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കും.

ഡി.എം. ആസ്റ്റര്‍ ഫൗണ്ടേഷന്‍ ഭവന നിര്‍മാണ പദ്ധതിയില്‍ പങ്കാളിയാണ്. ഇതോടൊപ്പം 1000 സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ ലാബുകളും മറ്റും സജ്ജീകരണങ്ങലും ഒരുക്കി ഇ-ലേണിംഗ് സൗകര്യം ഉറപ്പാക്കും. രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും സൗകര്യമുള്ള 1000 ക്ലിനിക്കുകള്‍ സ്ഥാപിക്കും. രണ്ടു പദ്ധതികള്‍ക്കുമായി 25 കോടി രൂപ ചെലവഴിക്കും. 1000 കുടിവെള്ള യൂണിറ്റുകളും 100 മിയാവാക്കിവനങ്ങളും 10 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുമെന്നും റോട്ടറി ഭാരവാഹികള്‍ അറിയിച്ചു.

സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍ നാഷണല്‍ നിയുക്ത പ്രസിഡന്റ് ശേഖര്‍ മേത്ത, സിയാല്‍ എം.ഡി.വി.ജെ കുര്യന്‍, ജോസ് ജോര്‍ജ്ജ്, ഡോ. ജി. എന്‍. രമേശ്, ബേബി ജോസഫ്, എജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.