രണ്ടാം ക്വാർട്ടറിൽ സ്വർണത്തിന്റെ ആഗോള ഡിമാൻഡ് 964 ടൺ

Posted on: August 17, 2014

Gold-Bar-B

നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ ((2014 ഏപ്രിൽ-ജൂൺ) ആഗോള വിപണിയിൽ 964 ടൺ സ്വർണം വിപണനം ചെയ്യപ്പെട്ടതായി വേൾഡ് ഗോൾഡ് കൗൺസിൽ. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 16 ശതമാനം കുറവാണിത്.

ആഗോള സ്വർണ വിപണിയുടെ പകുതിയിലധികവും ജുവല്ലറി മാർക്കറ്റ് ആണ്. ജുവല്ലറിയുടെ ആഗോള ഉപഭോഗമാകട്ടെ ഈ കാലയളവിൽ 30 ശതമാനം കുറഞ്ഞ് 510 ടണ്ണിലെത്തി. ആഗോളതലത്തിൽ ഇന്ത്യയും ചൈനയുമാണ് ഏറ്റവും പ്രധാന ജുവലറി വിപണികൾ. ഇന്ത്യ 154 ടണ്ണും ചൈന 143 ടണ്ണും സ്വർണാഭരണങ്ങളാണ് ഈ കാലയളവിൽ വാങ്ങിക്കൂട്ടിയത്.

ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പും ഇറക്കുമതി നിയന്ത്രണങ്ങളുമാണ് ഈ ക്വാർട്ടറിലെ കുറഞ്ഞ ഉപഭോഗത്തിന് കാരണമായി കരുതപ്പെടുന്നത്. അതേസമയം യുഎസിലെയും യുകെയിലെയും സ്വർണാഭരണ വിപണികളിൽ ഉപഭോഗത്തിൽ യഥാക്രമം 15 ശതമാനവും 21 ശതമാനവും വളർച്ചയുണ്ടായി. സെൻട്രൽ ബാങ്കുകൾ ഈ ക്വാർട്ടറിൽ വാങ്ങിയത് 118 ടൺ സ്വർണമാണ്. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 28 ശതമാനം കൂടുതലാണിത്.

സ്വർണ വിപണി ഏതാണ്ട് സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനകളാണ് വിപണി നൽകുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ മാനേജിംഗ് ഡയറക്ടർ മാർക്കസ് ഗ്രബ് പറഞ്ഞു.