ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ആവശ്യകത കുറയും : ഡബ്ല്യു. ജി. സി.

Posted on: November 6, 2019

ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത 2019 – ല്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വില റെക്കോഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് ഡബ്ല്യു. ജി. സി. യുടെ വിലയിരുത്തൽ.

2019- ല്‍ സ്വര്‍ണ ആവശ്യകതയില്‍ എട്ട് ശതമാനം വാര്‍ഷിക ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഏകദേശം 700 ടണ്ണാകുമെന്ന് കണക്കാക്കുന്നു. 2016 മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ ആവശ്യകതയായിരിക്കും.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിലൊന്ന് കുറഞ്ഞ് 123.9  ടണ്ണായി. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയില്‍ ഉപഭോഗം കുറയുന്നത് ആഗോളവിലയില്‍ പ്രതിഫലിക്കും. നടപ്പുവര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ആഗോള തലത്തില്‍ സ്വര്‍ണവില 17 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്ത് വ്യാപാരക്കമ്മി കുറയ്ക്കാന്‍ സഹായിച്ചേക്കും. രൂപയുടെ മൂല്യം ഉയരാനും ഇത് കാരണമാകും.

അതേസമയം ഇ.ടി.എഫുകളുടെ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിച്ചുവരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019- ലെ മൂന്നാം ക്വാർട്ടറിൽ
മുന്‍ വര്‍ഷം ഇതേ കാലയളവിലെക്കാള്‍ മൂന്നു ശതമാനം വളര്‍ച്ചയോടെ ആഗോള സ്വര്‍ണ ഡിമാന്‍ഡ് 1,107.9 ടണ്ണിൽ എത്തി.