സ്വർണ്ണ ഉപഭോഗത്തിൽ കേരളം മുന്നിൽ

Posted on: January 27, 2017

മുംബൈ : സ്വർണാഭരണങ്ങളുടെ ഉപഭോഗത്തിൽ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നിൽ. രാജ്യത്തെ സ്വർണ്ണവില്പനയുടെ 40 ശതമാനവും നടക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. പശ്ചിമേന്ത്യ 25 ശതമാനം, ഉത്തരേന്ത്യ 20 ശതമാനം, പൂർവേന്ത്യ 15 ശതമാനം എന്ന ക്രമത്തിലാണ് സ്വർണ്ണവില്പന. കേരളത്തിലാണ് വിവാഹാവശ്യങ്ങൾക്കു വേണ്ടി ഏറ്റുവും കൂടുതൽ സ്വർണ്ണം വാങ്ങുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠന റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഇടത്തരക്കാർ ശരാശരി 180-320 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് കല്യാണത്തിന് വാങ്ങിക്കൂട്ടുന്നത്.

ഇന്ത്യയുടെ ഗോൾഡ് ഡിമാൻഡ് 2016 ൽ 650-750 ടണ്ണായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ഉപഭോഗമാണിത്. എന്നാൽ വിവാഹിതരാകാനുള്ള യുവജനങ്ങളുടെ സംഖ്യ ഉയരുന്നതിനാൽ വരുംവർഷങ്ങളിലും സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡ് വളരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ നിഗമനം.