സ്വര്‍ണവ്യാപാരമേഖലയ്ക്ക് ഇളവ് വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

Posted on: April 14, 2020

ചങ്ങനാശ്ശേരി : കേരളത്തിലെ സ്വര്‍ണം, വെള്ളി വ്യാപാരമേഖലയിലുള്ള തൊണ്ണൂറുശതമാനം വ്യാപാരികള്‍, ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍, പ്യൂരിഫൈയിംഗ്, കളറിംഗ്, പോളിഷിംഗ് തൊഴിലാളികള്‍ എന്നിങ്ങനെ രണ്ട് ലക്ഷത്തോളം പേര്‍ ദുരിതത്തിലാണെന്നു കാണിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

ലോക്ഡൗണ്‍മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍, വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവര്‍ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. സ്വര്‍ണക്കടകള്‍ തുറക്കാത്തതുമൂലം ഇക്കാര്യം സാധിക്കുന്നില്ല.

ഈ സാഹചര്യങ്ങള്‍ കണക്കാക്കി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സ്വര്‍ണം – വെള്ളി വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര. ജനറല്‍ സെക്രട്ടറി സക്കീര്‍ ഇക്ബാല്‍, ട്രഷറര്‍ പി. വി. തോമസ്, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.

TAGS: Gold |