ഫിനാന്‍സ് ബാങ്ക് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന് സമാപനം

Posted on: June 17, 2022

കൊച്ചി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന് സമാപനം. ജൂണ്‍ 6 മുതല്‍ 14 വരെ നടന്ന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ എല്ലാ ശാഖകളിലുമായി ഒരുലക്ഷ0 വൃക്ഷതൈകള്‍ നട്ടു.

സാമൂഹിക, സാമ്പത്തിക, മൂലധന നിക്ഷേപങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ പരമാകണമെന്നും ഇതിനായി ഇസാഫ് ത്രിതല സംവിധാനമാണ് ഒരുക്കിയതെന്നും കെ. പോള്‍ തോമസ് പറഞ്ഞു. ചടങ്ങില്‍ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ബാങ്കിങ് ഓണ്‍ വാല്യൂസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ട്ടിന്‍ റോഹ്നര്‍ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതിയെ കൂടി ഉള്‍പ്പെടുത്തുന്ന ഇസാഫിന്റെ ബാങ്കിംഗ് സംസ്‌കാരം അഭിനന്ദനാര്‍ഹമാണെന്ന് മാര്‍ട്ടിന്‍ റോഹ്നര്‍ പറഞ്ഞു. ഇലക്ട്രിക് ബൈക്കുകള്‍, സോളാര്‍ ഉത്പന്നങ്ങള്‍ തുടങ്ങി പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗ്രീന്‍ എക്‌സ്‌പോകളും ശാഖകളില്‍ സംഘടിപ്പിച്ചു.

പ്രകൃതി സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ആളുകളെ വാരാഘോഷത്തിന്റെ ഭാഗമായി ഇസാഫ് ആദരിച്ചു. വേമ്പനാട്ട് കായല്‍ ശുചീകരണത്തിന് വൈകല്യങ്ങളെല്ലാം മറന്ന് മുന്നിട്ടിറങ്ങിയ ആലപ്പുഴ സ്വദേശി എന്‍.എസ്. രാജപ്പന്‍, 32 ഏക്കറോളം വനഭൂമിയായി സംരക്ഷിക്കുന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ കരീം, കര്‍ഷക തിലകം പുരസ്‌കാരം നേടിയ സ്വപ്ന സിബി, വൃക്ഷ മനുഷ്യന്‍ എന്നറിയപ്പെടുന്ന നാഗ്പൂരിലെ ബാബ ദേശ് പാണ്ഡെ എന്നിവരെയാണ് ആദരിച്ചത്. പ്രകൃതിചൂഷണം മൂലം മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന ഇക്കാലത്ത്, പ്രതിസന്ധികള്‍ തരണം ചെയ്തുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അമൂല്യമാണ്.

കര്‍മ്മനിരതരായ ഇത്തരം ആളുകളെ കണ്ടത്താനും അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനും ഇസാഫ് ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. സമാപന ചടങ്ങില്‍ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ബാങ്കിംഗ് ഓണ്‍ വാല്യൂസ് പ്രാദേശിക പ്രതിനിധി ഉപേന്ദ്ര പൊതുവാള്‍, ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിണ്ടന്റുമാരായ ജോര്‍ജ്ജ് കെ. ജോണ്‍, ഹരി വെള്ളൂര്‍, ജോര്‍ജ് തോമസ്, സസ്റ്റൈനബിള്‍ ബാങ്കിംഗ് മേധാവി റെജി കോശി ഡാനിയേല്‍, ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ മെറീന പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.