ഐഐടി മദ്രാസ് പ്രോഗ്രാമിംഗിലും ഡാറ്റാ സയൻസിലും ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബി എസ് സി ബിരുദം ആരംഭിക്കുന്നു

Posted on: July 1, 2020

ചെന്നൈ : എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിംഗ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബി എസ് സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ് പാസായ ആര്‍ക്കും പ്രോഗ്രാമിന് ചേരാം. 2020 ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.

മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്കും പ്രോഗ്രാമിന് ചേരാം. പ്രായം, ശാഖ, പ്രദേശം എന്നിവയിലെ പരിമിധികളെല്ലാം ഭേദിച്ച് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമായ ഡാറ്റാ സയന്‍സില്‍ ലോകോത്തര പാഠ്യപദ്ധതിക്കുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. മനുഷ്യ വിഭവ ശേഷി വകുപ്പ് കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ ‘നിഷാങ്ക്’, എച്ച്ആര്‍ഡി, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ, ബോര്‍ഡ് ഓഫ് ഗവേർണേഴ്‌സ് ചെയര്‍മാന്‍ ഡോ. പവന്‍ കുമാര്‍ ഗോയെങ്ക, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. എഐസിടിഇ ചെയര്‍മാന്‍ പ്രഫ. അനിൽ സഹസ്രാബുദെയും ചരിത്ര അവതരണത്തില്‍ പങ്കാളിയായിരുന്നു.

2026 ല്‍ 1.15 കോടി തൊഴില്‍ അവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ഡാറ്റാ സയന്‍സ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വലിയ തോതില്‍ വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ പാഠ്യപദ്ധതിയിലൂടെ ഈ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ഐഐടി മദ്രാസ് അധ്യാപകര്‍.

നിലവില്‍ ഇന്ത്യയിലെവിടെയും വ്യത്യസ്തമായ ഓണ്‍-കാമ്പസ് പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കരിയറോ കോഴ്സുകളോ മാറാതെ തന്നെ ഈ ഡിഗ്രി പ്രോഗ്രാം പിന്തുടരാം. ജീവനക്കാരുടെ നൈപുണ്യം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക് തൊഴിലോ സമയമോ നഷ്ടപ്പെടുത്താതെ സ്വീകരിക്കാവുന്ന മാര്‍ഗവുമാണിത്.

ഡാറ്റാ പരിപാലനം, മാനേജീരിയല്‍ ഉള്ളറകള്‍ മനസിലാക്കാന്‍ പോന്ന പാറ്റേണുകളുടെ സങ്കല്‍പം, മോഡലുകളുടെ വികസനം, കാര്യക്ഷമമായ ബിസിനസുകള്‍ തീരുമാനിക്കാനുള്ള പ്രവചനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായുണ്ടാകും.

ഫൗണ്ടേഷണല്‍ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് നൂതനമായ ഈ പ്രോഗ്രാം. ഓരോ ഘട്ടത്തിലും പ്രോഗ്രാമില്‍ നിന്നും വിട്ടുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. അവര്‍ക്ക് ഐഐടി മദ്രാസിന്റെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി എന്നിങ്ങനെ ലഭിക്കും. യോഗ്യരായവര്‍ അപേക്ഷ പൂരിപ്പിച്ച് ക്വാളിഫൈയിംഗ് പരീക്ഷയ്ക്കായി 3000രൂപ ഫീസ് അടയ്ക്കണം. പഠിതാക്കള്‍ക്ക് നാലു വിഷയങ്ങള്‍ (ഗണിതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടേഷനല്‍ തിങ്കിങ്) അടങ്ങിയ നാലാഴ്ചത്തെ ഒരു കോഴ്സ് ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ കോഴ്സിന്റെ ഓണ്‍ലൈന്‍ ലെക്ച്ചറുകളില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കണം. നാലാമത്തെ ആഴ്ച വ്യക്തിപരമായ ക്വാളിഫൈയിങ് പരീക്ഷ എഴുതണം. സീറ്റുകളുടെ പരിമിധി മൂലം പരമ്പരാഗത രീതിയില്‍ പ്രവേശനം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ പരീക്ഷയില്‍ 50ശതമാനം സ്‌കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫൗണ്ടേഷണല്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത ലഭിക്കുന്നു.

പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.onlinedegree.iitm.ac.in സന്ദര്‍ശിക്കുക.

TAGS: IIT-Madras |