ക്രിസ് ഗോപാലകൃഷ്ണൻ യൂണിഫോറിൽ നിക്ഷേപം നടത്തി

Posted on: May 7, 2015

Kris-Gopalakrishnan-big

ബംഗലുരു : ഇൻഫോസിസ് മുൻ വൈസ്‌ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ ചെന്നൈ ആസ്ഥാനമായുള്ള യൂണിഫോർ സോഫ്റ്റ് വേർ സിസ്റ്റംസിൽ നിക്ഷേപം നടത്തി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മനുഷ്യശബ്ദം തിരിച്ചറിയുന്ന സാങ്കേതികവിദ്യകളാണ് യൂണിഫോർ വികസിപ്പിക്കുന്നത്. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ ഐഡിജി വെഞ്ചേഴ്‌സ്, ഇന്ത്യ എയ്ഞ്ചൽ നെറ്റ് വർക്ക്, യംഗസ്റ്റ് ഫണ്ട്, സാറ്റാ വെഞ്ചർ പാർട്‌ണേഴ്‌സ് തുടങ്ങിയവയും നിക്ഷേപം നടത്തിയിട്ടുണ്ട്.

യൂണിഫോറിന്റെ വിജയത്തെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. മനുഷ്യനും ഉപകരണങ്ങളും തമ്മിലുള്ള ആശയവിനിമയം ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. ഇക്കാര്യത്തിൽ യൂണിഫോറിന് വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫ്രെഷ് വേൾഡ്, ജെറ്റ് സിന്തെസിസ്, സ്റ്റാർട്ടപ്പ് വില്ലേജ് എന്നിവയിൽ ക്രിസ് ഗോപാലകൃഷ്ണൻ നിക്ഷേപം നടത്തിയിട്ടുണ്ട്.

ക്രിസ് ഗോപലകൃഷ്ണന്റെ അനുഭവസമ്പത്ത് ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ സഹായിക്കുമെന്ന് യൂണിഫോർ സിഇഒയും സഹസ്ഥാപകനുമായ ഉമേഷ് സച്ചദേവ് പറഞ്ഞു. ആഗോളവളർച്ചയും സാങ്കേതികവിദ്യാ വികാസവും ലക്ഷ്യമിട്ടാണ് യൂണിഫോർ മൂലധനസമാഹരണം നടത്തിയത്. ദുബായിലെ മാഷ്‌റെക് ബാങ്ക്, ഫിലിപ്പൈൻസിലെ ഈസ്റ്റ് വെസ്റ്റ് ബാങ്ക് തുടങ്ങിയവ യൂണിഫോറിന്റെ ഇടപാടുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്രാസ് ഐഐടിയിൽ ഇൻകുബേറ്റ് ചെയ്ത യൂണിഫോർ നേരത്തെ 1 മില്യൺ ഡോളർ എയ്ഞ്ചൽ ഫണ്ടിംഗ് സ്വീകരിച്ചിരുന്നു. 2008 ൽ നാഷണൽ റിസേർച്ച് ഡവലപ്‌മെന്റ് കോർപറേഷൻ ഒരു ലക്ഷം ഡോളറിന്റെ ഗ്രാൻഡും അനുവദിച്ചു. ഡിലോയിറ്റ് 2014 ൽ ഇന്ത്യയിലെ ടെക്‌നോളജി ഫാസ്റ്റ് 50 കമ്പനികളുടെ ലിസ്റ്റിൽ യൂണിഫോറിനെ തെരഞ്ഞെടുത്തിരുന്നു.