ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഹബുകൾ സ്ഥാപിക്കുന്നു

Posted on: August 26, 2019

കൊച്ചി : മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജിസിസിയിലും ഇന്ത്യയിലും ആസ്റ്റർ ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. ഡിജിറ്റൽ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ ഊന്നിയുളള ഗാർഹിക ആരോഗ്യ സംരക്ഷണത്തിനുളള നൂതന ആശയങ്ങൾ രൂപീകരിക്കുക, സ്റ്റാർട്ടപ്പുകളെയും അക്കാദമികളെയും ചേർത്തുനിർത്തി ഡിജിറ്റൽ ആരോഗ്യ പങ്കാളികളുടെ മികച്ച ആവാസ വ്യവസ്ഥ സ്ഥാപിക്കുക, ഭാവിയിൽ ആരോഗ്യ പ്രവർത്തകർക്ക് സഹായകമാവുന്ന ഡിജിറ്റൽ ഹെൽത്ത്, ഡിജിറ്റൽ ഇൻഫോമാറ്റിക്‌സ്, ഡിജിറ്റൽ മെഡിസിൻ എന്നീ പഠന ശാഖകൾ ആരംഭിക്കുക തുടങ്ങിയവ മൂന്ന് വർഷത്തിനള്ളിൽ നടപ്പാക്കാനാണ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെൻറർ ലക്ഷ്യമിടുന്നത്.

ചീഫ് ഓഫ് ഇന്നൊവേഷൻ ആയ ഡോ. സതീഷ് പ്രസാദ് രഥ് ഇന്നൊവേഷൻ പ്രോജക്ടുകൾക്ക് നേതൃത്വം നൽകും. പോസ്റ്റ്-ഗ്രാജുവേറ്റ് മെഡിക്കൽ ഡോക്ടറും ഒന്നിലധികം പേറ്റന്റുകളുള്ള ഡിജിറ്റൽ ഹെൽത്ത് സയന്റിസ്റ്റുമായ ഡോ. സതീഷ് പ്രസാദ് രഥ്, സെറോക്‌സ് ഇന്നൊവേഷൻ ഗ്രൂപ്പ്, വിപ്രോ ടെക്‌നോളജീസ്, ഇന്റൽ ലാബുകൾ, ഫിലിപ്‌സ് റിസർച്ച് എന്നീ പ്രമുഖ ഗവേഷണ-ഇന്നൊവേഷൻ സ്ഥാപനങ്ങളെ മുൻനിരയിൽ നയിച്ച അനുഭവ സമ്പത്തുളള വ്യക്തിയാണ്. നിരവധി സ്റ്റാർട്ടപ്പുകളുടെയും ഇൻകുബേറ്ററുകളുടെയും ഉപദേശകൻ കൂടിയാണ്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കോഗ്‌നിറ്റീവ് സൈക്കോളജി, ബ്ലോക്ക് ചെയിൻ, ഐ.ഒ.ടി, ബിഹേവിയറൽ ഇക്‌ണോമിക്‌സ് തുടങ്ങിയ രംഗങ്ങളിൽ ഡിജിറ്റൽ ആരോഗ്യ ഗവേഷണത്തെ ത്വരിതപ്പെടുത്തുന്ന നൂതനാശയങ്ങൾ ഉൾപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ നൂതനാശയങ്ങളിലേക്ക് വഴിതെളിക്കുന്ന ഓൺ ബോർഡ് സ്റ്റാർട്ടപ്പുകളെയും ഉപയോഗപ്പെടുത്തും. അക്കാദമി, സ്റ്റാർട്ടപ്പുകൾ, വ്യവസായ പങ്കാളികൾ എന്നിവയുമായി സഹകരിച്ച് പ്രായോഗിക ഗവേഷണ രംഗത്തും സെന്റർ പ്രവർത്തിക്കും.

പ്രാഥമിക പരിചരണം (ആസ്റ്റർ ക്ലിനിക്കുകൾ, ഫാർമസി) മുതൽ ക്വട്ടേണറി കെയർ വരെയുള്ള സംയോജിത സേവനങ്ങൾ നൽകുന്ന സംവിധാനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനുള്ളത്. ഒപ്പം ഇൻ ഹൗസ് റിസർച്ച് സെന്ററായ മിംസ് റിസർച്ച് ഫൗണ്ടേഷൻ, ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരിലുളള മെഡിക്കൽ കോളേജ്് എന്നിവയും പ്രവർത്തിക്കുന്നു. വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രമേഹം, സെപ്‌സിസ്, ഡയാലിസിസ് തുടങ്ങിയവയിൽ നടന്നുകൊണ്ടിരിക്കുന്ന നൂതനാശയ പദ്ധതികൾ ത്വരിതപ്പെടുത്താൻ പുതിയ സെന്ററിന്റെ വരവോടെ സാധിക്കും. കൂടാതെ ഡിഎം വിംസിലൂടെ ഡിജിറ്റൽ ഹെൽത്ത്, ഡിജിറ്റൽ മെഡിസിൻ എന്നീ വിജ്ഞാന ശാഖകളെ സംയോജിപ്പിച്ച് ഒരു പഠനശാഖ അവതരിപ്പിക്കുന്നതിനായും സെൻറർ പ്രവർത്തിക്കും.

ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം രോഗികളുടെ പടിവാതിൽക്കൽ ലഭ്യമാകുമെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രോഗികളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, എഐ, ജീനോമിക്‌സ്, മോളിക്യുലർ ബയോളജി തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരിക്കുമ്പോൾ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.