ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിക്ക് തുടക്കമായി

Posted on: December 26, 2023

തൃശൂര്‍: കൊവിഡിനെത്തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നല്‍കുന്ന ‘ജോയ് ഓഫ് ഹോപ്പ്’ സ്‌കോളര്‍ഷിപ്പിനുള്ള തുക ജില്ലാ ഭരണകൂടത്തിന് കൈമാറി. തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് എന്നിവര്‍ ചേര്‍ന്നാണ് കളക്ടര്‍ വി. ആര്‍ കൃഷ്ണതേജ ഐ എ എസ്സിന് രണ്ടരക്കോടി രൂപയുടെ ചെക്ക് കൈമാറിയത്.

വിദ്യാര്‍ത്ഥികളോട് തന്റെ ജീവിതകഥ പറഞ്ഞുകൊണ്ടാണ് കളക്ടറുടെ പ്രസംഗം ആരംഭിച്ചത്. ‘വലിയൊരു സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് മുടങ്ങിപോകുമായിരുന്ന എന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒരു വ്യക്തിയുടെ ഇടപെടലാണ് നിര്‍ണായകമായത്. തുടര്‍ന്ന് വീടിനടുത്തുള്ള കടകളില്‍ ജോലിക്കുനിന്നും മറ്റും ഞാന്‍ പഠിക്കാനുള്ള ചിലവ് കണ്ടത്തി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായെങ്കിലും പ്രത്യാശയോടെയുള്ള എന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ പ്രതിബന്ധങ്ങള്‍ക്കായില്ല. നമ്മുടെയെല്ലാം ജീവിതത്തില്‍ ദൈവം ചില മനുഷ്യരുടെ രൂപത്തില്‍ പ്രവര്‍ത്തിക്കും. അത്തരത്തിലൊരു പ്രവൃത്തിയാണ് ജോയ് ആലുക്കാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.’

മനുഷ്യസ്‌നേഹത്തിന്റെ മഹത്തരമായ സന്ദേശം നിറഞ്ഞ ക്രിസ്തുമസ് കാലത്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷന് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് നല്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. ‘വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ‘ജോയ് ഓഫ് ഹോപ്പ്’ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രതിസന്ധിയില്‍ കൈത്താങ്ങാകുന്ന ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ഈ സംരംഭം. ഇതിനു പുറമെ, ഫൗണ്ടേഷന്റെ കീഴില്‍ തൃശൂരില്‍ വയോജന മന്ദിരം, പാലിയേറ്റിവ് കെയര്‍ സെന്റര്‍ എന്നിവ വൈകാതെ പ്രവര്‍ത്തനമാരംഭിക്കും’ അദ്ദേഹം പറഞ്ഞു.

എല്‍കെജി മുതല്‍ ഡിഗ്രി തലം വരെയുള്ള 350 വിദ്യാര്‍ത്ഥികളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവുകളാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി, ബിരുദ തലത്തിലുള്ളവര്‍ക്ക് 2500 രൂപയുമാണ് പ്രതിമാസം ലഭിക്കുക. ജില്ലാ കലക്ടറുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളായ കുട്ടികളെ കണ്ടെത്തിയത്.