ക്രെഡായി ‘ആര്‍ദ്രം’ : തൃശ്ശൂര്‍ ജില്ലയില്‍ 26 വീടുകളൊരുങ്ങി

Posted on: February 19, 2021

തൃശ്ശൂര്‍ : കേരളത്തിലെ മുന്‍നിര കെട്ടിടനിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായ് കേരളയുടെ നേതൃത്വത്തില്‍ 26 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. സംഘടനയുടെ സാമൂഹികപ്രതിബദ്ധതാ പരിപാടിയായ ‘ആര്‍ദ്രം’ പദ്ധതിയിലെ വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പെങ്ങാമുക്ക് ലക്ഷംവീട് കോളനിയാണ് സംഘടനയുടെ ഇടപെടലിലൂടെ പുതുമുഖം കൈവരിക്കുന്നത്.

പഴയകാല ലക്ഷംവീട് കോളനികളിലെ ഇരട്ടവീടുകളായിരുന്നു പെങ്ങാമുക്ക് കോളനിയിലെയും. 13 വീടുകളിലായി 26 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.

പ്രളയസമയത്തും കോവിഡിന്റെ പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം സംഘടന പലവിധ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇതിനിടയിലാണ് നാല്‍പ്പതുവര്‍ഷത്തിലേറെ പഴക്കമുള്ള കോളനിയിലെ വീടുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ടത്. ഇതോടെ ‘ആര്‍ദ്രം’ എന്ന പേരില്‍ പദ്ധതി തുടങ്ങുകയായിരുന്നു.

കോളനി മൊത്തമായി പൊളിച്ചുനീക്കിയായിരുന്നു നിര്‍മാണം. കഴിഞ്ഞ ജൂലായില്‍ തറക്കല്ലിട്ട ഈ പദ്ധതി ഏഴുമാസംകൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. മൂന്നുകോടി രൂപയുടെ പദ്ധതിയില്‍ മിക്ക അംഗങ്ങളും വലിയതോതിലാണ് സഹകരിച്ചത്.

ഒരുപോലെയുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ആധുനിക സൗകര്യങ്ങളോടുകൂടിയ ബാത്ത് റൂമുകള്‍, പുകയില്ലാത്ത അടുപ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കാന്‍ സൗകര്യത്തിന് 30 അടി ഉയരത്തില്‍ ഒരു പൊതു വാട്ടര്‍ ടാങ്കും പണിതുകഴിഞ്ഞിട്ടുണ്ട്. ഓരോ വീടിന്റെയും വിസ്തീര്‍ണം 510 ചതുരശ്രയടിയാണ്. വീടുകളുടെ താക്കോല്‍ദാനം ശനിയാഴ്ച മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും.

 

TAGS: Credai |