മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ ചെല്ലാനത്ത് നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ കൈമാറി

Posted on: February 5, 2021

ചെല്ലാനം: മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായി എറണാകുളം ചെല്ലാനത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന 10 വീടുകളുടെ താക്കോല്‍ കൈമാറി. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എറണാകുളം എം.പി. ഹൈബി ഈഡന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 200 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന.

മുത്തൂറ്റ് ഹോം പ്രൊട്ടക്ടര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണം മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ് നിര്‍വ്വഹിച്ചു. ഗുണഭോക്താക്കള്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളുടെ വിതരണം മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ് മുത്തൂറ്റ് നിര്‍വ്വഹിച്ചു.

2 ബെഡ് റൂം, ഹാള്‍, കിച്ചണ്‍, കോമണ്‍ ബാത്ത് റും എന്നിവയോടു കൂടിയ 500 ചതുരശ്ര അടി ഉള്ള വീടുകള്‍ ആണ് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഒരു വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടുന്നത്. 60 ലക്ഷത്തോളം രൂപയാണ് ചെല്ലാനത്തെ 10 വീടിന്റെ പദ്ധതിക്കായി കമ്പനി നീക്കി വച്ചിരിക്കുന്നത്.

പ്രളയവും കടലാക്രമണവും മുലം തകര്‍ക്കപ്പെട്ട ചെല്ലാനത്തെ ജന ജീവിതത്തെ കൈപിടിച്ചുയര്‍ത്തുന്ന ഇത്തരം സംരംഭങ്ങളില്‍ ഭാഗഭാക്കാവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് മുത്തൂറ്റ് ഗ്രൂപ്പെന്നും ഒരു കൂടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത് വഴി ആ കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്ന് വിശ്വസിക്കുന്നതായും ജോര്‍ജ്ജ് അലക്‌സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ വിഭാഗം ഹെഡ് ബാബു ജോണ്‍ മലയില്‍ സ്വാഗതം ആശംസിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, ചെല്ലാനം ബ്ലോക്ക് പഞ്ചായത്ത് അംഗം ആരതി, ചെല്ലാനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില സെബാസ്റ്റ്യന്‍, കൃഷ്ണകുമാര്‍, ജസ്റ്റിന്‍, പാലരിവട്ടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരി പി ഐ വര്‍ഗ്ഗീസ്, വിന്‍ സൊസൈറ്റി ഡയറക്ടര്‍ സിസ്റ്റര്‍ ആലീസ് ലൂക്കോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം റീജിയണല്‍ മാനേജര്‍ വിനോദ് നന്ദി രേഖപ്പെടുത്തി.

ആഷിയാന ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 200 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ ചെല്ലാനത്തെ ഉള്‍പ്പെടെ 179 വീടുകള്‍ പൂര്‍ത്തീകരിക്കുകയും താക്കോല്‍ കൈമാറുകയും ചെയ്തു. 2021 മാര്‍ച്ച് 31 ഓടുകൂടി ബാക്കി 21 വീടുകളും കൂടി പൂര്‍ത്തീകരിച്ച് മൊത്തം 200 വീടുകളുടെ താക്കോല്‍ കൈമാറാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.