മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ കൂത്താട്ടുകുളത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 18 വീടുകളുടെ താക്കോല്‍ദാനം നടത്തി

Posted on: September 24, 2020

കൂത്താട്ടുകുളം : 2018 ലെ പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും, വീട് ഇല്ലാത്തവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി മുത്തൂറ്റ് എം ജോര്‍ജ് ഫൗഷേന്‍ ആരംഭിച്ച പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 187 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 137 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം നഗരത്തില്‍ നിര്‍മ്മിച്ച 18 വീടുകളുടെ താക്കോല്‍ദാനം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് 18 വീടുകളുടെയും താക്കോല്‍ദാനം പിറവം എം.എല്‍.എ. ശ്രീ. അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. ഭൂമി ഇഷ്ടദാനം നല്‍കിയ വി. ജെ. ലൂക്കോസ് പ്രഭാഷണം നടത്തി.

ഇലഞ്ഞി വെളളാമത്തടത്തില്‍ വി.ജെ. ലൂക്കോസ് കൂത്താട്ടുകുളം നഗരത്തില്‍ പകുത്തുനല്‍കിയ 1.05 ഏക്കറിലാണ് 18 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് . 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ് റൂം, അടുക്കള, ഹാള്‍, ടോയ്ലറ്റ്, എന്നിവ ഉള്‍പ്പെടുന്ന ഈ വീടുകള്‍ക്ക് 5,20,000/- രൂപയാണ് ചെലവ് വരുന്നത്. ഐറിസ് ബില്‍ഡേഴ്സ് & ഇന്റീരിയേഴ്സാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 187 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 137 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്തെ വീടുകള്‍ കൂടി ചേര്‍ത്ത് 155 വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

സമൂഹത്തിന്റെ ഉന്നമനത്തിനായ് എല്ലായ്പ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് മുത്തൂറ്റ് ഗ്രൂപ്പെന്നും, ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത് വഴി ആ കൂടുംബങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്ന് വിശ്വസുക്കുന്നതായും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ റോയ് അബ്രഹാം, സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ഡയറക്ടറുമായ ഷാജു ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ എ. എസ്. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.