സമ്പൂര്‍ണ ഓട്ടോമാറ്റിക് വീല്‍ ചെയര്‍ പദ്ധതിയുമായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍

Posted on: October 8, 2020

കൊച്ചി : ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കുന്നതിനായ് മുത്തൂറ്റ് സ്നേഹസഞ്ചാരിണി പദ്ധതിയുമായ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍. വൈകല്യങ്ങള്‍ മൂലം മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരും നിരാശ്രയരുമായവര്‍ക്ക് പൂര്‍ണമായും യന്ത്രവത്കൃതമായി പ്രവര്‍ത്തിക്കുന്ന വീല്‍ചെയറുകള്‍ സൗജന്യമായ് നല്‍കുന്ന പദ്ധതിയാണിത്.

തുടക്കത്തില്‍ എറണാകുളം ജില്ലയിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പിന്നീട് ഇത് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്. അര്‍ഹരായ വ്യക്തികള്‍ വ്യക്തിഗത അപേക്ഷയ്ക്കൊപ്പം താഴെ പറയുന്ന രേഖകള്‍ സഹിതം ഈ മാസം 30ന് മുന്‍പ് അപേക്ഷകള്‍ അയക്കേണ്ടതാണ്. കവറിനു പുറത്ത് സ്നേഹസഞ്ചാരിണി പദ്ധതിയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കണം.

ബിപിഎല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പഞ്ചായത്ത് പ്രസിഡന്റ്/കൗണ്‍സിലര്‍ തസ്തികയില്‍ കുറയാത്ത പാദേശിക ജനപ്രതിനിധിയുടെ ശുപാര്‍ശ കത്ത്, അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്റ് പെര്‍മനന്റ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത വ്യക്തിയെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അവശ്യമായ രേഖകള്‍.

മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2019ല്‍, 101 പേര്‍ക്ക് കൃത്രിമ കാലുകള്‍ വിതരണം ചെയ്തുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

അര്‍ഹരായ വ്യക്തികള്‍ക്ക് ഒരു കൈതാങ്ങ് ആകുന്നതിലൂടെ അവരെ പുതിയജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ഈ പദ്ധതി ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നതായ് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

TAGS: Muthoot Group |