പ്രളയബാധിതര്‍ക്കായുള്ള മുത്തൂറ്റ് ആഷിയാന ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

Posted on: February 13, 2020

കൊച്ചി : മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ‘ഭാഗമായി കട്ടപ്പനയിലെ മണിയാറന്‍കുടിയില്‍ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ച 11 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും താക്കോല്‍ദാനം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് ഡീന്‍ കുര്യാക്കോസ് എംപി വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

2018ലെ പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ആരംഭിച്ച മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിയില്‍പെടുത്തിയാണ് 11 വീടുകളും കമ്മ്യൂണിറ്റി ഹാളും നിര്‍മ്മിച്ചത്. ഇടുക്കി ജില്ലയില്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്ക് തൊടുപുഴ അര്‍ച്ചന ഹോസ്പിറ്റല്‍ എംഡി ഡോ. മൈത്രേയി ഇഷ്ടദാനമായി നല്‍കിയ 4 സെന്റ് വീതം സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചത്. ഇടുക്കി ജില്ല വിമന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ് റൂം, അടുക്കള, ഹാള്‍, ടോയ്ലറ്റ്, എന്നിവ ഉള്‍പ്പെടുന്ന ഒരു വീടിന്് 5,20,000/- രൂപയാണ് ചെലവ് വരുന്നത്. ഇത്തരത്തിലുള്ള 11 ‘ഭവനങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അവരുടെ ഉന്നമനത്തിനും, സ്വയംപര്യാപ്തരാക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായിട്ടാണ് വിമന്‍സ് കൗണ്‍സിലിനായി കമ്യൂണിറ്റി ഹാളും നിര്‍മ്മിച്ച് നല്‍കിയത്. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായുള്ള പരിശീലനം നല്‍കുന്നതിനായി കമ്മ്യൂണിറ്റി ഹാള്‍ ഉപയോഗിക്കാനാണ് വിമന്‍സ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. 11 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 1000 ചതുരശ്രഅടി വലിപ്പത്തിലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 11 വീടുകള്‍ക്കും ‘ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍, നാശനഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി മുത്തൂറ്റ് ഹോം പ്രൊട്ടക്ടര്‍ ഇന്‍ഷ്വറന്‍സ് കവറേജും ലഭ്യമാക്കിയിട്ടുണ്ട്.

ഐറിസ് ബില്‍ഡേഴ്സ് & ഇന്റീരിയേഴ്സാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. മുത്തൂറ്റ് ആഷിയാന ‘ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം 190 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും അതില്‍ 88 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മണിയാറന്‍കുടിയിലെ വീടുകളും കമ്മ്യൂണിറ്റി ഹാളുംകൂടി ചേര്‍ത്ത് 100 വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ.എ. ജലാലുദിന്‍, ലൈഫ് മിഷന്‍ ഡി.എം.സി. പ്രവീണ്‍ കെ, മണിയാറന്‍കുടി പഞ്ചായത്തംഗം ടോമി കൊച്ചുകുടി, അര്‍ച്ചന ഹോസ്പിറ്റല്‍ എംഡി ഡോ. മൈത്രേയി, സി.വി. വര്‍ഗീസ്, റോസക്കുട്ടി എബ്രാഹം, ജോസ് കുഴിക്കണ്ടം, സാജന്‍ കുന്നേല്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

TAGS: Muthoot Group |