കിഴക്കമ്പലം പഞ്ചായത്തില്‍ പാതിവിലയ്ക്ക് ഗൃഹോപകരണങ്ങളുമായി ട്വന്റി 20

Posted on: August 22, 2019

കൊച്ചി: കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീൻ, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന പദ്ധതി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്  ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുന്ന കിഴക്കമ്പലം നിവാസികള്‍ തുക 36 തവണകളായി തിരിച്ചടച്ചാല്‍ മതി. വാങ്ങുന്ന ഉത്പന്നത്തിന്റെ വിലയുടെ പകുതി തുകയും പലിശയും ട്വന്റി 20 വഹിക്കും. ഇത്തരത്തില്‍ 10,000 രൂപയുടെ ഉത്പന്നം  വാങ്ങുന്ന ഉപഭോക്താവ് പ്രതിമാസം 138 രൂപ മാത്രം അടച്ചാല്‍ മതിയാകും.

ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എല്‍ഇഡി ടിവി, മൊബൈല്‍ ഫോണ്‍, അയണ്‍, കിടക്കകള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഈ പദ്ധതി സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ള ജനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നതെന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകളുള്ള  കിഴക്കമ്പലമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 ട്വന്റി 20 ചെയര്‍മാന്‍ ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ലിന്‍ഡ ആന്റണി, വൈസ് ചെയര്‍ പേഴ്‌സണ്‍ മോളി ചാനി, ട്വന്റി 20 എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിന്‍ ആന്റണി, വി.എസ്.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.