നേപ്പാൾ ഭൂചലനം മരണം 1,500 കവിഞ്ഞു

Posted on: April 26, 2015

Nepal-Earthquake-rescue-mis

കാഠ്മണ്ഡു : നേപ്പാൾ ഭൂചലനത്തിൽ മരണസംഖ്യ 1,500 കവിഞ്ഞു. 5000 ലേറെപ്പേർക്ക് പരിക്കേറ്റു. എവറസ്റ്റ് ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 18 പർവതാരോഹകരും മരണമടഞ്ഞു. ഇന്ത്യൻ വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ വ്യോമസേന നേപ്പാളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

എന്നാൽ ഗവൺമെന്റ് പുറത്തുവിടുന്നതിന്റെ പല മടങ്ങാണ് ദുരന്തത്തിന്റെ വ്യാപ്തിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. റിക്ടർസ്‌കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഒരു മിനിട്ട് ദീർഘിച്ചു. 25 ലേറെ തവണ തുടർചലനങ്ങളുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തുടർചലനങ്ങളിൽ ചിലത് റിക്ടർസ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഏകദേശം മൂന്നു ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികൾ നേപ്പാളിലുണ്ടായിരുന്നു.

വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമായി. പലയിടത്തും റോഡുകളും തകർന്നു. ഉൾനാടുകളിലെ നാശത്തിൻ വ്യാപ്തി പുറം ലോകം അറിയാൻ ദിവസങ്ങൾ വേണ്ടി വരും. ഭക്തപൂരിൽ 50 ശതമാനം വീടുകളും തകർന്നു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ ആവശ്യത്തിന് ആശുപത്രികളില്ലെന്നുള്ളതാണ് നേപ്പാൾ നേരിടുന്ന മറ്റൊരു വെല്ലുവിളി.

നേപ്പാളിന് ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യയിൽ ഭൂചലനമുണ്ടായ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, സിക്കിം തുടങ്ങിയ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു. നേപ്പാളിൽ കുടുങ്ങിയ 312 ഇന്ത്യക്കാരെ ഇന്നലെ രാത്രി ഡൽഹിയിൽ എത്തിച്ചു.