ടൂറിസം രംഗത്ത് നേപ്പാളിന് 1,500 കോടിയുടെ നഷ്ടം

Posted on: April 28, 2015

Nepal-Tourism-Big

കാഠ്മണ്ഡു : ഭൂചലനം മൂലം നേപ്പാളിന് ടൂറിസം രംഗത്ത് 1,500 കോടി രൂപയുടെ നഷ്ടം നേരിടുമെന്ന് കണക്കാക്കുന്നു. ഏതാണ്ട് 90 ശതമാനം ഓൺലൈൻ ബുക്കിംഗുകളും കാൻസൽ ചെയ്തുകഴിഞ്ഞു. ഭൂചലനം നടക്കുമ്പോൾ മൂന്നുലക്ഷത്തോളം വിദേശികൾ നേപ്പാളിലുണ്ടായിരുന്നു. ഏകദേശം ആറ് ലക്ഷം നേപ്പാളികൾ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

കാഠ്മണ്ഡു, പൊഖറ തുടങ്ങി ടൂറിസം പ്രാധാന്യമുള്ള നഗരങ്ങൾക്ക് ഭൂചലനത്തിൽ വലിയ നാശമാണ് സംഭവിച്ചത്. ഹോട്ടലുകൾക്കും റോഡുകൾക്കും വൻതോതിൽ തകർന്നതോടെ അടുത്തകാലത്തൊന്നും ടൂറിസം മേഖല പൂർവസ്ഥിതികൈവരിക്കില്ലെന്ന് ഉറപ്പായി. വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങളും പുനസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടി വരും.

യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ധരാഹര ടവർ ഉൾപ്പടെ നിരവധി ടൂറിസം ആകർഷണങ്ങളും ഭൂചലനത്തിൽ തകർന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലുണ്ടായ ഹിമാപാതവും വിനോദനസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാണ്. മരണസംഖ്യ 10,000 കവിയുമെന്നാണ് നേപ്പാൾ ഗവൺമെന്റും വിലയിരുത്തുന്നത്. തുടർചലനങ്ങൾ നിലയ്ക്കാത്തതും രക്ഷാപ്രവർത്തനങ്ങൾ എങ്ങുമെത്താത്തതും സർക്കാരിനെയും ജനങ്ങളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

നേപ്പാളിൽ ഏഴ് ഇന്ത്യക്കാർ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരാണ്. ഡോക്ടർ ദീപക് (27), ഡോ. ഇർഷാദ് (28) എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്.