സ്‌നാപ്ഡീൽ 1000 പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു

Posted on: March 17, 2015

Snapdeal-big

മുംബൈ : ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ സ്‌നാപ്ഡീൽ ആറു മാസത്തിനുള്ളിൽ 1000 പേരെ റിക്രൂട്ട്‌ചെയ്യാൻ ഒരുങ്ങുന്നു. ഹബ് ആൻഡ് സ്‌പോക് മാതൃകയിൽ കൂടുതൽ ചെറുനഗരങ്ങളിലേക്ക് സ്‌നാപ്ഡീലിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. പ്രാദേശിക വിപണിയെ സ്‌നാപ്ഡീലുമായി കൂടുതൽ അടുപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നിയമനങ്ങളെന്ന് വൈസ് പ്രസിഡന്റ് (എച്ച് ആർ) സൗരഭ് നിഗം പറഞ്ഞു.

ചെന്നൈ, ഹൈദരാബാദ്, ജയപ്പൂർ, ജലന്ധർ, സൂറത്ത്, അഹമ്മദാബാദ്, പൂനെ, കോൽക്കത്ത എന്നിവിടങ്ങളിൽ നിന്നായിരിക്കും റിക്രൂട്ട്‌മെന്റ്. ഏകദേശം 5,000 ത്തോളം പേരാണ് ഇപ്പോൾ സ്‌നാപ്ഡീലിലുള്ളത്. എൻജിനീയറിംഗ്, മാനേജ്‌മെന്റ് കാമ്പസുകളിൽ നിന്ന് ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തുന്നത് സ്‌നാപ്ഡീലാണ്.

കഴിഞ്ഞ ഒക്ടോബറിൽ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് സ്‌നാപ്ഡീലിൽ 627 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇ-ബേ, ബ്ലാക്ക് റോക്ക്, രത്തൻ ടാറ്റാ, പ്രേംജി ഇൻവെസ്റ്റ്, മൈറെയ്ഡ് അസറ്റ്, ടൈബോൺ കാപ്പിറ്റൽ എന്നിവയും സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.