സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപക പട്ടികയില്‍ രത്തന്‍ ടാറ്റയും

Posted on: August 26, 2020


കൊച്ചി: 100 കോടി ഡോളറിന് (ഏതാണ്ട് 7,500 കോടി രൂപ) മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയും. ഹുറുണ്‍ റിസര്‍ച്ച് പുറത്തുവിട്ട ‘ഹുറുണ്‍ ഇന്ത്യ ടോപ് യൂണികോണ്‍ ഇന്‍വെസ്റ്റേഴ്സ്’ ലിസ്റ്റിലാണ് രത്തന്‍ ടാറ്റയുടെ വ്യക്തിഗത നിക്ഷേപക സ്ഥാപനമായ ആര്‍.എന്‍.ടി. അസോസിയേറ്റ്സും ഇടം പിടിച്ചത്.

100 കോടി ഡോളറിനുമേല്‍ വിറ്റുവരവുള്ളതും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്തതുമായ സ്റ്റാര്‍ട്ട് അപ്പുകളെ ‘യൂണികോണ്‍’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തില്‍ നാലു യൂണികോണുകളിലെ നിക്ഷേപവുമായി ഏഴാം സ്ഥാനത്താണ് ആര്‍.എന്‍.ടി. അസോസിയേറ്റ്സ്. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല കാബ്സ്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംരംഭമായ സൊമാറ്റോ, കണ്ണടകളുടെ ഓണ്‍ലൈന്‍ സ്റ്റോറായ ലെന്‍സ്‌കാര്‍ട്ട്, കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന ഫസ്റ്റ്ക്രൈ എന്നിവയിലാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപക സ്ഥാപനത്തിന് പങ്കാളിത്തമുള്ളത്. ഇന്ത്യയില്‍ ഒമ്പതു യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ പങ്കാളിത്തമുള്ള യു.എസ്. കമ്പനിയായ സെക്വയ ക്യാപിറ്റലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മലയാളി സംരംഭങ്ങളായ ബൈജൂസ്, ബിഗ് ബാസ്‌കറ്റ് എന്നിവയില്‍ ഉള്‍പ്പെടെ സെക്വയ നിക്ഷേപം നടത്തിയിട്ടുണ്ട്.

പട്ടികയിലുള്ള പല നിക്ഷേപക സ്ഥാപനങ്ങളും ഈ രണ്ട് മലയാളി സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപകരാണ്. സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കാമെന്നു തെളിയിക്കുകയാണ് ഈ നിക്ഷേപകരെന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ഇന്ത്യ എം.ഡി.യും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള അതിസമ്പന്നര്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.