ബൈജൂസ് ഓഫ്‌ലൈന്‍ ട്യൂഷന്‍ രംഗത്ത് വന്‍ വികസനത്തിനൊരുങ്ങുന്നു

Posted on: May 14, 2022

കൊച്ചി : മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ ബൈജൂസ്, ഓഫ്ലൈന്‍ ട്യൂഷന്‍ രംഗത്ത് വന്‍ വികസനത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഏതാനുംമാസങ്ങള്‍കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ട്യൂഷന്‍ കേന്ദ്രങ്ങള്‍ തുറന്ന ബൈജൂസ്, ഈ വര്‍ഷം അവസാനത്തോടെ അത് 500 ആക്കി ഉയര്‍ത്തുമെന്ന് ഈ വിഭാഗത്തിന്റെ തലവന്‍ ഹിമാന്‍ഷു ബജാജ് പറഞ്ഞു.

കേരളത്തില്‍ ഈ വര്‍ഷം 20 എണ്ണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ നാലെണ്ണം ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കൊച്ചി, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഇത്.

നാലു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് വിഷയങ്ങളിലാണ് ട്യൂഷന്‍ കേന്ദ്രങ്ങളിലൂടെ പരിശീലനം നല്‍കുക. ഇതിനുപുറമേ, ഓണ്‍ലൈനിലൂടെ മറ്റു വിഷയങ്ങളും ലഭ്യമാക്കുന്നുണ്ട്. ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത ക്ലാസ്മുറികളാണ് കേന്ദ്രങ്ങളില്‍ ഒരുക്കുന്നത്.

ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് ഒരേ അധ്യാപകര്‍ തന്നെയാകും ഉണ്ടാകുക. കുട്ടികളുടെ കുറവുകള്‍ പരിഹരിക്കാന്‍ പ്രത്യേക പരിശീലനവും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്യൂഷന്‍ കേന്ദ്രങ്ങളുടെ വികസനത്തിനായി 1,500 കോടി രൂപയാണ് കമ്പനി ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക.

TAGS: BYJU’s |