പുതിയ ടെക്ക് സെയില്‍സ് മോഡല്‍ നടപ്പിലാക്കാന്‍ ബൈജൂസ്

Posted on: January 19, 2023

കൊച്ചി: എഡ്-ടെക്ക് കമ്പനിയായ ബൈജൂസില്‍ ഇനി സെയില്‍സിന് ടെക്‌നോളജിയുടെ മികവ്. വിദ്യാഭ്യാസ- സാങ്കേതിക ഉത്പ്പന്നങ്ങളുടെ വില്പ്പന കൂടുതല്‍ സുതാര്യവും മികച്ചതുമാകാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, നാല് തലങ്ങളുള്ള ഒരു സെയില്‍സ് മോഡല്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് 150 മില്യണ്‍ ഉപയോക്താക്കളുള്ള ബൈജൂസ്.

റിമോട്ട് ആയി പ്രവര്‍ത്തിക്കുന്ന, കേന്ദ്രീകൃതമായ ഒരു ഓഡിറ്റ് സംവിധാനമാണ് ഇതിന്റെ പ്രധാന സവിശേഷത. എല്ലാ വില്പനകളും മൂന്ന് പ്രാവശ്യം പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഈ ഓഡിറ്റ് സഹായിക്കും.

ബൈജൂസില്‍ നിന്ന് ലഭ്യമായ പഠന പദ്ധതികളെയും ഉത്പ്പന്നങ്ങളെയും പുതിയ റീഫണ്ട് പോളിസിയെയും കുറിച്ചുള്ള വിവരങ്ങള്‍ ഒരു സൂം സെഷനിലൂടെ വിശദമാക്കുന്നതാണ് ആദ്യ ഘട്ടം. പിന്നീടുള്ള ഓഡിറ്റിംഗിനായി ഈ മീറ്റിംഗ് റെക്കോഡ് ചെയ്യും. മൊബൈല്‍ ആപ്പിലെ കസ്റ്റമര്‍ കണ്‍സന്റ് സ്‌ക്രീനില്‍ നല്‍കിയിട്ടുള്ള വ്യവസ്ഥകളും നിബന്ധനകളും വായിച്ച് സമ്മതം രേഖപ്പെടുത്തുകയാണ് ഒരു ഉപയോക്താവ് ആദ്യം ചെയ്യേണ്ടത്. ഇത് വീണ്ടും ഒത്തുനോക്കുന്ന ഓര്‍ഡര്‍ വെരിഫിക്കേഷന്‍ ടീം, ഉത്പ്പന്നം വാങ്ങാന്‍ ഉപയോക്താവിന് സമ്മതമാണോ എന്ന കാര്യം വീണ്ടും പരിശോധിക്കും. ഉപയോക്താവ് സമ്മതം നല്‍കിയതിന് ശേഷം മാത്രമേ വില്പ്പന നടക്കുകയുള്ളൂ.

പഠന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപങ്ങളുമായി ബന്ധപ്പെടാന്‍ വേണ്ട സഹായങ്ങളും ബൈജൂസ് നല്‍കും. മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ പഠന വായ്പകള്‍ ബാങ്കുകള്‍ വഴി നേരിട്ട് ലഭ്യമാക്കാം.

‘ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ബന്ധമാണ് ബൈജൂസും കസ്റ്റമറും തമ്മിലുള്ളത്. ഇത് എങ്ങനെ കൂടുതല്‍ മികച്ചതാക്കാമെന്ന ചിന്ത ഉയര്‍ന്നുവന്നത് മഹാമാരിക്ക് ശേഷമാണ്. വളരെ സുതാര്യമായ ഒരു സെയില്‍സ് മോഡല്‍ പിന്തുടരാന്‍ ബൈജൂസ് പ്രതിജ്ഞാബദ്ധരാണ്. തങ്ങള്‍ നടപ്പിലാക്കുന്ന ഈ പുതിയ മോഡല്‍ ആശയവിനിമയം മികച്ചതാക്കും, ഏതെങ്കിലും തരത്തിലുള്ള തെറ്റായ വില്‍പ്പനകളുടെ സാധ്യത ഇല്ലാതാക്കാനും സഹായിക്കും,’ ബൈജൂസ് ഇന്ത്യ സിഇഓ മൃണാള്‍ മോഹിത് പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ്. അവരുടെ താല്‍പര്യങ്ങളാണ് തങ്ങള്‍ക്ക് മുഖ്യം. ഉപയോക്താക്കളുടെ അനുഭവനങ്ങള്‍ ഏറ്റവും മികച്ചതാക്കാനാണ് ബൈജൂസ് എപ്പോഴും ശ്രമിക്കുന്നത്. ഈ പുതിയ മോഡല്‍, വില്‍പ്പനയുടെ ആദ്യ ഘട്ടം കാര്യക്ഷമവും സുതാര്യവും അനുഭാവപൂര്‍ണ്ണവുമാക്കും എന്ന് തങ്ങള്‍ വിശ്വസിക്കുന്നു.

ഈ മോഡലിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കായി ഒരു അഫോഡബിലിറ്റി ടെസ്റ്റും ബൈജൂസ് അവതരിപ്പിക്കുന്നുണ്ട്. മാസം 25000 രൂപ വരുമാനമുള്ളവര്‍ക്ക് വാങ്ങലുമായി മുന്നോട്ടുപോകാം. ഇതില്‍ കുറവുള്ള കുടുംബങ്ങള്‍ ബൈജൂസിന്റെ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമാകും. ഇതിലൂടെ സൗജന്യമായി ബൈജൂസ് ഉത്പന്നങ്ങള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ ഇപ്പോള്‍ 55 ലക്ഷം കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. 2025 ആകുമ്പോള്‍ ഒരു കോടി വിദ്യാര്‍ഥികളിലേയ്ക്ക് വിദ്യാഭ്യാസം സൗജന്യമായി എത്തിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്.

TAGS: BYJU’s |