കല്യാണ് ജുവല്ലേഴ്‌സിന് 1637 കോടി രൂപ വിറ്റുവരവ്

Posted on: August 11, 2021

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് 2021-22 ആദ്യക്വാര്‍ട്ടറില്‍ 1,637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ വിറ്റുവരവ് 782 കോടി രൂപയായിരുന്നു. നഷ്ടം-86 കോടി രൂപയില്‍നിന്ന് 51 കോടി രൂപയായി കുറച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട ശക്തമായ തിരിച്ചുവരവ് ഏപ്രില്‍ അവസാനം സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അവതാളത്തിലായി. രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, ജൂണില്‍ തുറക്കാന്‍കഴിഞ്ഞ ഷോറൂമുകളില്‍ മികച്ച വില്പന നടന്നതായി കമ്പനി അറിയിച്ചു.

ആദ്യത്രൈമാസ ഫലം പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഈ ത്രൈമാസത്തില്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തുറന്നു പ്രവര്‍ത്തിച്ചു. ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിലൂടെയുള്ള വിറ്റവരവ് 363 ശതമാനം ഉയര്‍ന്ന് 24 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ആദ്യക്വാര്‍ട്ടറില്‍ 1.08 കോടി രൂപകാന്‍ഡിയര്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഈവര്‍ഷം 31 ലക്ഷം രൂപ ലാഭത്തിലാണ്.