കിറ്റെക്സിന് തമിഴ്നാടിന്റെ ക്ഷണം

Posted on: July 3, 2021

കൊച്ചി : 35,000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3,500 കോടിയുടെ നിക്ഷേപപദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സിന് വ്യവസായം തുടങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്‌നാട് വ്യവസായ മന്ത്രിക്കു വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഗെഡന്‍സ് തമിഴ്‌നാട്) ഗൗരവ് ഭാഗ കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് അയച്ചക്ഷണക്കത്തില്‍ വാഗ്ദാനം ചെയ്തു.

മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതിവിലയ്ക്ക് സ്ഥലം, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് അഞ്ചു ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചെലവുകള്‍ക്ക് 50 ശതമാനം ബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4,000 രൂപയും എസ്സി, എസി വിഭാഗങ്ങള്‍ക്ക് 6,000 രൂപയും സാമ്പത്തിക സഹായം, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാനജിഎസി ഇളവ്, പത്ത് വര്‍ഷം വരെ തൊഴിലാളികളുടെ ശമ്പളത്തിന്റെ 20 ശതമാനം സര്‍ക്കാര്‍വിഹിതം തുടങ്ങിയ വാഗ്ദാനങ്ങളാണ് തമിഴ്‌നാട് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനു പുറമേ വേറെ ആവശ്യങ്ങളുണ്ടെങ്കില്‍ അതും പരിഗണിക്കാമെന്നും ക്ഷണക്കത്തില്‍പറയുന്നു.

 

TAGS: Kitex |