ആഭ്യന്തര വിമാനയാത്രക്കാരിൽ 10 ശതമാനം വളർച്ച

Posted on: January 20, 2015

Indigo-Airport-Counter-Big

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി യാത്ര ചെയ്തു. 1.24 കോടി പേർ എയർഇന്ത്യയിൽ യാത്ര ചെയ്തു.

വിപണിവിഹിതത്തിലും ഇൻഡിഗോയാണ് മുന്നിൽ 31.8 ശതമാനം. ജെറ്റ് എയർവേസും സ്‌പൈസ്‌ജെറ്റും 17.4 ശതമാനം വിപണി വിഹിതം പങ്കിട്ടു. അതേസമയം 2014 ഡിസംബറിൽ സ്‌പൈസ്‌ജെറ്റ് പ്രതിസന്ധി മൂലം ഇൻഡിഗോയുടെ വിപണിവിഹിതം 36.1 ശതമാനവും ജെറ്റ് എയർവേസിന് 21.7 ശതമാവുമായി വർധിച്ചു. പാസഞ്ചർ ലോഡ് ഫാക്ടർ 80 ശതമാനത്തിന് മുകളിലായിരുന്നു.

ആഭ്യന്തര വിമാനസർവീസുകളുടെ കാൻസലേഷൻ 2014 ഡിസംബറിൽ 6.99 ശതമാനമായിരുന്നു. സ്‌പൈസ്‌ജെറ്റ് ഫ്‌ലൈറ്റ് സർവീസുകൾ വെട്ടിക്കുറച്ചതും ഉത്തരേന്ത്യയിലെ മോശം കാലാവസ്ഥയുമാണ് കാൻസലേഷന്റെ പ്രധാന കാരണങ്ങൾ.