റിലയന്‍സ് അതിവേഗം വളരുന്ന രണ്ടാമത്തെ റീട്ടെയ്ല്‍ ശൃംഖല

Posted on: May 11, 2021

മുംബൈ : അതിവേഗ വളര്‍ച്ചയുടെ കാര്യത്തില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിയന്‍സ് റീട്ടെയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത്. ഡിലോയിറ്റ് തയ്യാറാക്കിയ 250 ആഗോള ചില്ലറ വ്യാപാരക്കമ്പനികളുടെ 2021 – ലെ പട്ടികയിലാണിത്. പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഒരേയൊരു കമ്പനിയും റിലയന്‍സ് തന്നെ.

മുന്‍വര്‍ഷത്തെക്കാള്‍ 41.8 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ – ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, പലവ്യഞ്ജന മേഖലകളില്‍ ശൃംഖല വിപുലമാക്കിയതാണ് റിലയന്‍സിനെ നേട്ടത്തിലെത്തിച്ചത്. മൂന്നു വിഭാഗത്തിലുമായി റീട്ടെയില്‍ സ്റ്റോറുകളുടെ എണ്ണത്തില്‍ 13.1 ശതമാനമാണ് വര്‍ധന. ആകെ 11,784 സ്റ്റോറുകളുള്ള കമ്പനിക്ക് ഏഴായിരത്തിലധികം ചെറു പട്ടണങ്ങളിലും നഗരങ്ങളിലും സാന്നിധ്യമുണ്ട്.

കമ്പനികളുടെ വലുപ്പത്തില്‍ ആഗോള പട്ടികയില്‍ തുടര്‍ച്ചയായ 20-ാം വര്‍ഷവും യു.എസ്. റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടാണ് ഒന്നാമത്. യു.എസില്‍നിന്നുതന്നെയുള്ള ആമസോണ്‍ രണ്ടാമതും കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പ്പറേഷന്‍ മൂന്നാമതുമാണ്. കോസ്റ്റ്‌കോയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ആമസോണിന്റെ നേട്ടം. 2015-പട്ടികയില്‍ ഇടം നേടിയ ആമസോണ്‍ ഓരോ വര്‍ഷവും സ്ഥാനം മെച്ചപ്പെടുത്തി വരുന്നു. ആദ്യ പത്തിലെ ഏഴു കമ്പനികളും അമേരിക്കയില്‍നിന്നാണ്.

 

TAGS: Reliance Retail |