കല്യാൺ ജുവല്ലേഴ്‌സ് ഐപിഒ : 2.64 ഇരട്ടി സബ്‌സ്‌ക്രിപ്ഷൻ

Posted on: March 19, 2021

കൊച്ചി : കല്യാണ്‍ ജുവല്ലേഴ്സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിന് 2.64 ഇരട്ടി സബ്സ്‌ക്രിപ്ഷന്‍. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യില്‍ 352 കോടി രൂപ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനത്തില്‍ നിന്നുള്‍പ്പെടെ 15 ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതല്‍ സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചത്.

റീട്ടെയില്‍ വിഭാഗത്തില്‍പ്പെട്ട ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവച്ച ഓഹരികള്‍ക്ക് 2.85 ഇരട്ടിയും ജീവനക്കാര്‍ക്കുള്ള ഓഹരികള്‍ക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള വിഭാഗത്തില്‍ 2.79 ശതമാനവും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 1.93 ശതമാനവും ഇരട്ടി ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ട്.

ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കള്‍ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങള്‍ക്കിടയിലാണ് കല്യാണ്‍ ജൂവലേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

ജൂവലറി മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകള്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂര്‍ത്തിയാക്കും. അര്‍ഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടില്‍ 25-ന് ഓഹരികള്‍ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും ലിസ്റ്റ് ചെയും.