ഇന്ത്യയിലെ നിക്ഷേപം ടൊയോട്ട നിലപാട് തിരുത്തി ; 2000 കോടി മുതൽമുടക്കും

Posted on: September 17, 2020

മുംബൈ : ഇന്ത്യയിൽ പുതിയ നിക്ഷേപത്തിനില്ലെന്ന നിലപാട് ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ തിരുത്തി. ഇന്ത്യൻ വിപണിയിൽ തുടരുമെന്നും വാഹനങ്ങളുടെ വൈദ്യുതീകരണം, സാങ്കേതിവിദ്യാ വികസനം തുടങ്ങിയ മേഖലകളിൽ 2000 കോടി രൂപ മുതൽമുടക്കുമെന്നും ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌ക്കർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യയിൽ വാഹനനികുതി വളരെ കൂടുതലാണെന്നും നിലവിലെ സാഹചര്യത്തിൽ പുതിയ നിക്ഷേപം ഉണ്ടാകില്ലെന്നും ടൊയോട്ട കിർലോസ്‌ക്കർ വോൾടൈം ഡയറക്ടർ ശേഖർ വിശ്വനാഥൻ പറഞ്ഞത് വിവാദമായതിനു തൊട്ടുപിന്നാലെയാണ് വിക്രം കിർലോസ്‌ക്കറുടെ വിശദീകരണം.

നികുതി കൂടുതലാണെന്ന് ശരിയാണ്. ഇത് എല്ലാവർക്കും ബാധകമാണ്. വർഷങ്ങളായി നികുതി കുറയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കമ്പനിയുടെ ആഗോള വികസന പദ്ധതിയിൽ ഇന്ത്യയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്നും വിക്രം കിർലോസ്‌ക്കർ പറഞ്ഞു.