എയര്‍ ഇന്ത്യ : പ്രവാസികള്‍ക്ക് 100 ശതമാനം മുതല്‍മുടക്കിന് അനുവാദം

Posted on: March 5, 2020

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് 100 ശതമാനം മുതല്‍ മുടക്ക് അനുവദിക്കാന്‍ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു. കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനുള്ള നടപടികള്‍ക്ക് ഇടയിലാണ് വിദേശത്തുനിന്നു നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച നയത്തില്‍ ഭേദഗതി വരുത്തിയുള്ള തീരുമാനം. ഇതുവരെ എയര്‍ ഇന്ത്യയില്‍ പ്രവാസികള്‍ക്ക് 49 ശതമാനം വരെ മുതല്‍ മുടക്കാണ് അനുവദിച്ചിരിക്കുന്നത്.

എയര്‍ഇന്ത്യയുടെ 79 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനുശേഷം, മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എയര്‍ ഇന്ത്യയ്ക്കു പുറമെ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംയുക്ത സംരംഭത്തിന്റെ 50 ശതമാനം ഓഹരിയുമാണ് വില്‍ക്കുന്നത്. ഇതിന് കഴിഞ്ഞ ജനുവരി 27 ന് താത്പര്യ പത്രം ക്ഷണിച്ചു. ഈ മാസം 17 നകം താത്പര്യ പത്രം നല്‍കണമെന്നാണ് നേരത്തെ വ്യക്തമാക്കിയത്. ഈ തീയതി നീട്ടിയേക്കും എന്നും സൂചനയുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ സ്ഥാപനമായ വിസ്താര, എയര്‍ ഇന്ത്യയെ വാങ്ങാന്‍ ആലോചനയിലാണ്.

TAGS: Air India |