ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് കുതിപ്പ്

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 52 സീറ്റുകളിൽ ലീഡ്. 70 അംഗ ഡൽഹി നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്തു പോലും കോൺഗ്രസിന് ലീഡ് നേടാനായില്ല.

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നേറാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 65 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ലീഡ് നേടിയിരുന്നു. ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല, മനീഷ് സിസോദിയ മത്സരിക്കുന്ന പട്പട്ഗഞ്ച് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മനീഷ് സിസോദിയ ദിലീപ് പാണ്ഡെ തുടങ്ങിയ നേതാക്കൾ മുന്നിലാണ്. പട്പട്ഗഞ്ചിൽ മനീഷ് സിസോദിയ ഒരു വേള പിന്നിലായിരുന്നു. ലീഡ് നില പുറത്തുവരുന്നതിനിടെ ആം ആദ്മി പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നേറ്റത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു.