എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര ഒരുങ്ങുന്നു

Posted on: January 29, 2020

മുംബൈ : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പിന്റെ വിസ്താര എയർലൈൻസ് ഒരുങ്ങുന്നതായി സൂചന. നൂറ് ശതമാനം ഓഹരികൾ വിൽക്കാനുള്ള സർക്കാർ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നീക്കം. എന്നാൽ ടാറ്റാ ഗ്രൂപ്പ് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാർച്ച് 17 ന് ആണ് താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാനതീയതി. നൂറ് ശതമാനം ഓഹരിപങ്കാളിത്തം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് 2013 ൽ ആണ് വിസ്താര ആരംഭിച്ചത്. നൂറ് കോടി ഡോളർ മുതൽമുടക്കുള്ള വിസ്താരയിൽ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്. ഏറ്റെടുക്കൽ യാഥാർത്ഥ്യമായാൽ വിസ്താര ഇന്ത്യൻ വ്യോമയാന രംഗത്ത് മേൽക്കൈ നേടും. നിലവിൽ 34 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 200 ലേറെ ഫ്‌ളൈറ്റുകളാണ് വിസ്താര ഓപ്പറേറ്റ് ചെയ്യുന്നത്.വിസ്ാരയുടെ അഞ്ചാമത്തെ രാജ്യാന്തര സർവീസ് ഫെബ്രുവരി 11 മുതൽ ഡൽഹി – കാഠ്മണ്ഡു സെക്ടറിൽ സർവീസ് ആരംഭിക്കും.