ബൈജൂസില്‍ ടൈഗര്‍ ഗ്ലോബല്‍ നിക്ഷേപം നടത്തി

Posted on: January 10, 2020

കൊച്ചി : മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ (എഡ്‌ടെക്) കമ്പനിയായ ബൈജൂസിന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈഗര്‍ ഗ്ലോബല്‍ എന്ന നിക്ഷേപക സ്ഥാപനത്തില്‍ നിന്ന് മൂലധന നിക്ഷേപമെത്തി. എത്ര മൂലധന നിക്ഷേപമെത്തി. എത്ര തുകയുടെ ഫണ്ടിങ്ങാണ് ടൈഗര്‍ ഗ്ലോബലില്‍ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 20 കോടി ഡോളര്‍ എത്തുമെന്നാണ് സൂചന. അതായത്, ഏതാണ്ട് 1420 കോടി രൂപ.

കമ്പനിയുടെ മൂല്യം ഇതോടെ 800 കോടി ഡോളറിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഏതാണ്ട് 57,000 കോടി രൂപ. ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്‌പോലെ ശക്തമായ നിക്ഷേപക സ്ഥാപനവുമായി പങ്കാളിത്തത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബൈജൂസിന്റെ സ്ഥാപകനും സി. ഇ. ഒ. യുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

2019 ജൂലായില്‍ ഖത്തര്‍ സര്‍ക്കാരിന്റെ നിക്ഷേപക വിഭാഗമായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് മൂലധന സമാഹരണം നടത്തിയിരുന്നു. അപ്പോള്‍ 570 കോടി ഡോളറായിരുന്നു മൂല്യം. ചുരുങ്ങിയ കാലംകൊണ്ട് ലാഭത്തിലെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 2018-19 സാമ്പത്തിക വര്‍ഷമാണ് വാര്‍ഷിക ലാഭം കൈവരിച്ചത്. വിറ്റുവരവ് മൂന്നു മടങ്ങ് ഉയര്‍ന്ന് 1,480 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇത് 3,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്പാണ് ബൈജൂസ്. 4.2 കോടി വിദ്യാര്‍ത്ഥികളാണ് ഉപയോഗിക്കുന്നത്.

TAGS: Byjus App |