കിഫ്ബിക്ക് 1700 കോടിയുടെ വിദേശ ധനസഹായം

Posted on: December 26, 2019

കൊച്ചി : കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികൾക്ക് 1700 കോടിയുടെ ധനസഹായവുമായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ. ഐ.എഫ്.സിയുടെ വാഗ്ദാനം സ്വീകരിച്ചാൽ ഏതെങ്കിലുമൊരു രാജ്യാന്തര ഫണ്ടിങ്ങ് ഏജൻസിയിൽ നിന്ന് കിഫബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയായിരിക്കുമിതെന്ന് കിഫ്ബി സിഇഒ കെ.എം. എബ്രഹാം പറഞ്ഞു.

ലോകബാങ്ക് ഗ്രൂപ്പിൽ അംഗമായ വാഷിംഗ്ടൺ ആസ്ഥാനമായ ഐ.എഫ്.സി ക്ളൈമറ്റ് റെസിലൻസ് ബോണ്ട് വിഭാഗത്തിൽ പെടുത്തിയായിരിക്കും വായ്പ അനുവദിക്കുക. സാധാരണയായി രാജ്യങ്ങൾക്കാണ് ഈ വിഭാഗത്തിൽ വായ്പ അനുവദിക്കുക. ഐ.എഫ്.സിയുമായി കരാറിൽ ഏർപ്പെട്ടാൽ ക്ളൈമറ്റ് റെസിലൻസ് ബോണ്ട് വിഭാഗത്തിൽ ഫണ്ട് ലഭിക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.

ഐ.എഫ്.സിയുടെ വായ്പ വാഗ്ദാനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി തോമസ് ഐസക്ക് എന്നിവരെ അറിയിച്ചതായും കെ.എം. എബ്രഹാം പറഞ്ഞു. ബോർഡിൻറെ അംഗീകാരം ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിൽ ലോക ബാങ്കിനേക്കാൾ വേഗത ഐ എഫ് സിക്കുണ്ടെന്നും അറ്റ് കൊണ്ട് തന്നെ കരാറിലേർപ്പെട്ടാൽ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഐ. എഫ്. സി വായ്പയുടെ അക്കര്യത്തിൽ ഉണ്ടാവില്ലെന്നും കെ. എം. എബ്രഹാം പറഞ്ഞു. ജനുവരി ആറാം തീയതിയോടെ വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം നൽകാമെന്നാണ് ഐ.എഫ്.സി കിഫബിയെ അറിയിച്ചിരിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ രാജ്യത്ത് വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ വിദേശ നിക്ഷേപങ്ങളെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കിഫ്ബി സി.ഇ.ഓ പറഞ്ഞു. പ്രതിഷേധങ്ങൾ ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും നിക്ഷേപങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ കേരളത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നതിനാൽ നിക്ഷേപകർക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.