കിഫ്ബി ധനകാര്യ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നു

Posted on: December 23, 2019

തിരുവനന്തപുരം : കിഫ്ബി ധനകാര്യ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. കാലഹരണപ്പെട്ട പേപ്പർ ഫയലിംങ് രീതികളിൽ നിന്നും വ്യത്യസ്തമായി വിവരശേഖരണം മുഴുവനും ഡിജിറ്റലൈസ്ഡായാണ് നടക്കുന്നത്. അതിനൊപ്പം പ്രൊജക്ടുമായി ബന്ധപ്പെട്ട ബില്ലുകളുടെ നിലവിലെ സ്ഥിതിയറിയാൻ കോൺട്രാക്ടർമാർക്ക് പഴയപോലെ ഓഫീസുകൾ കയറിയിറങ്ങേണ്ട കാര്യമില്ല. ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ടെക്‌നോളജി ഉപയോഗപ്പെടുത്തിയുളള കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പുതിയതും ശ്രദ്ധേയവുമാണ് ധനകാര്യമേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താനുളള നീക്കം.

നിശ്ചിത വർഷത്തേക്കുളള വികസന പ്രവർത്തനങ്ങളെ മുൻകൂട്ടി കണ്ട് ഇതിനായുളള പണം സമാഹരിച്ച് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുകയാണ് കിഫ്ബി വഴി സർക്കാർ ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുളള പദ്ധതിയാണ് നിലവിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 45,619 കോടി രൂപയുടെ 591 പദ്ധതികൾക്ക് ഇതിനോടകം അനുമതി നൽകി കഴിഞ്ഞു. അങ്ങനെയിരിക്കെ മുൻകൂട്ടി കണ്ട് പദ്ധതികൾ നടപ്പാക്കുന്നിടത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി കൂടുതൽ കൃത്യത കൈവരിക്കുകയാണ് ലക്ഷ്യം.

കിഫ്ബിയുടെ പ്രവർത്തന രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കേരളനിർമ്മിതി എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ബോധവത്ക്കരണ പരിപാടി നടന്നുവരികയാണ്. ഡിസംബർ 20 ന് തിരുവനന്തപുരത്ത് ആരംഭിച്ച പരിപാടി വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തെ ഓരോ ജില്ലകളിലും പര്യടനം നടത്തും.

വികസനപ്രവർത്തനങ്ങളുടെ ത്രിമാന-വിർച്വൽ മാതൃകകളും വിശദാംശങ്ങളും പ്രദർശിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്കായി പ്രശ്‌നോത്തരി, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പതിനാല് മാസങ്ങൾകൊണ്ട് പതിനാല് ജില്ലകൾ തോറും പര്യടനം നടത്തുന്ന രീതിയിലാണ് ബോധവത്ക്കരണ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.