അമിതാഭ് ബച്ചന് ദാദാ സാഹബ് ഫാൽക്കെ പുരസ്‌കാരം

Posted on: September 24, 2019

ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അമിതാബ് ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നൽകി ആദരിച്ചിട്ടുണ്ട്.

സാത്ത് ഹിന്ദുസ്ഥാനിയിലൂടെ 1969 ലായിരുന്നു ബച്ചന്റെ അരങ്ങേറ്റം. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടെ 200 ഓളം സിനിമകളിൽ അഭിനയിച്ചു. ആനന്ദ് (1971), സഞ്ജീർ (1973), ഷോലെ (1975), ദീവാർ (1975), ഡോൺ (1978), കൂലി (1983), അഗ്നിപഥ് (1990), ബ്ലാക്ക് (20050), പിക്കു (2016) തുടങ്ങിയവയാണ് പ്രമുഖ സിനിമകൾ.

പ്രശസ്ത ഹിന്ദി കവിയും അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന ഡോ. ഹരിവംശറായ് ബച്ചനും തേജിയുമാണ് മാതാപിതാക്കൾ. നടി ജയ ബാദുരിയാണ് ബച്ചന്റെ ഭാര്യ. മക്കൾ ശ്വേത ബച്ചൻ നന്ദ, നടൻ അഭിഷേക് ബച്ചൻ. മരുമകൾ നടി ഐശ്വര്യ റായി.