ഇന്ധന കുടിശിക : ആറ് വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്ക്കാനാകാതെ എയർ ഇന്ത്യ

Posted on: August 23, 2019

ന്യൂഡൽഹി : ഇന്ധനവില കുടിശികയായതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തിവെച്ചു.ഇന്ധനം മുടങ്ങിയത് ഇതേവരെ സർവീസുകളെ ബാധിച്ചിട്ടില്ല. മുംബൈ, ഡൽഹി, ചെന്നൈ, കോൽക്കത്ത, ബംഗലുരു തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ ഇന്ധനം ലഭിക്കുന്നുണ്ട്. അതേസമയം കൊച്ചി, പൂനെ, പാറ്റ്‌ന, വിശാഖപട്ടണം, റാഞ്ചി, മൊഹാലി എന്നീ വിമാനത്താവളങ്ങളിലാണ് ഇന്നലെ മുതൽ എടിഎഫ് ലഭ്യമല്ലാതായത്.

ഏകദേശം 3000 കോടി രൂപയാണ് എയർ ഇന്ത്യ എണ്ണക്കമ്പനികൾക്ക് നൽകാനുള്ളത്. ഇതിനിടെ 60 കോടി രൂപ എണ്ണക്കമ്പനികൾക്ക് നൽകിയതായി എയർ ഇന്ത്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ധന ലഭ്യത സർവീസുകളെ ബാധിച്ചാൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

TAGS: Air India |