റിസർവ് ബാങ്ക് പണനയം ഓഗസ്റ്റ് ഏഴിന് ; നിരക്ക് കുറയാൻ സാധ്യത

Posted on: August 4, 2019

ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ അടുത്ത പണനയം ഓഗസ്റ്റ് ഏഴിന് പ്രഖ്യാപിക്കും. ഓഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെയാണ് പണനയ അവലോകന സമിതി യോഗം. ആർബിഐ പലിശ നിരക്കിൽ കാൽശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ആവശ്യവസ്തുക്കളുടെ വിലവർധനയും രാജ്യാന്തരതലത്തിലെ വ്യാപാരയുദ്ധങ്ങളും കണക്കിലെടുത്ത് പലിശയിൽ കുറവ് വരുത്താനാണ് സാധ്യത.

ഉപഭോക്തൃ വില സൂചിക ജൂണിൽ 3.18 ശതമാനമാണ്. കൺസ്യൂമർ പ്രൈസ് ഇൻഡെക്‌സ് 4 ശതമാനത്തിൽ താഴെ നിർത്താനാണ് ആർബിഐയുടെ ശ്രമം. അതേസമയം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കണമെന്നുള്ള സമ്മർദ്ദവുമുണ്ട്.

ഉടനെ പ്രഖ്യാപിക്കുന്ന പണനയത്തിൽ ഉൾപ്പടെ നടപ്പ് സാമ്പത്തിക വർഷം പലിശനിരക്കിൽ 50-75 ബേസിസ് പോയിന്റ് കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. വാഹനവില്പന കുത്തനെ കുറഞ്ഞതും സ്വർണ്ണവില വർധിക്കുന്നതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.