കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയെ കാണാതായി

Posted on: July 30, 2019

മംഗലുരു : കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം. കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ സിദ്ധാർത്ഥയെ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി. എസ്. എം. കൃഷ്ണയുടെ മൂത്ത പുത്രി മാളവികയുടെ ഭർത്താവ് ആണ് സിദ്ധാർത്ഥ. മംഗലുരുവിനടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള ഉള്ളാൾ പാലത്തിന് സമീപം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സിദ്ധാർത്ഥ അപ്രത്യക്ഷനായത്. നദിയിൽ ചാടിയിരിക്കാമെന്ന നിഗമനത്തിൽ പോലീസ് തെരച്ചിൽ നടത്തിവരികയാണ്.

ചിക്കമംഗളൂരിൽ നിന്നും ഇന്നോവ കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു. മംഗലുരുവിന് ആറ് കിലോമീറ്റർ അകലെ ദേശീയപാതയിൽ ജെപ്പിന മൊഗരുവിൽ എത്തിയപ്പോൾ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ സിദ്ധാർത്ഥയെ കുറെ സമയം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. സിദ്ധാർത്ഥയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി ഡ്രൈവർ പോലീസിന് മൊഴി നൽകി.

പ്ലാന്ററും വ്യവസായിയുമായ സിദ്ധാർത്ഥ കഫേ കോഫി ഡേ ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ബിസിനസിലും സജ്ജീവമാണ്. സോഫ്റ്റ്‌വേർ കമ്പനിയായ മൈൻഡ്ട്രീയിലെ തന്റെ ഓഹരികൾ അടുത്തയിടെ 3000 കോടി രൂപക്ക് വില്പന നടത്തിയിരുന്നു. സിദ്ധാർത്ഥയുടെ തിരോധാന വാർത്തകൾ പുറത്തുവന്നതോടെ കഫേ കോഫീ ഡേ ഓഹരികളുടെ വിലയിൽ 20 ശതമാനം ഇടിവുണ്ടായി.