റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു

Posted on: June 6, 2019

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. പുതുക്കിയ നിരക്ക് 5.75 ശതമാനമാണ്. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത്. 2010 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ആറ് ശതമാനത്തിൽ താഴെയെത്തുന്നത്. സിആർആർ നിരക്ക് നാല് ശതമാനമായി തുടരും.

നിരക്ക് ഇളവ് ഭവന-വാഹന വായ്പകളുടെ തിരിച്ചടവിൽ കുറവ് വരുത്തും. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശനിരക്ക് കുറയ്ക്കണമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ നിലപാട്. ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് ഉൾപ്പടെ വായ്പാനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളും നിരക്ക് കുറയ്ക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു.

നടപ്പ് സാമ്പത്തികവർഷം ആദ്യ പകുതിയിൽ രാജ്യം 6.4-6.7 ശതമാനവും രണ്ടാം പകുതിയിൽ 7.2-7.5 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്നാണ് വായ്പാനയ അവലോകന സമതിയുടെ വിലയിരുത്തൽ.