ഐ ടി സി ചെയർമാൻ വൈ സി ദേവേശ്വർ അന്തരിച്ചു

Posted on: May 11, 2019

ന്യൂഡൽഹി : ഐ ടി സി ചെയർമാൻ വൈ സി ദേവേശ്വർ (72) അന്തരിച്ചു. ഇന്നു രാവിലെ ഗുർഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കാൻസർ ചികിത്സയിലായിരുന്നു. രണ്ട് ദശാബ്ദത്തിലേറെക്കാലം ദേവേശ്വർ ഐ ടി സി യെ വളർച്ചയിലേക്കും ആധുനിവത്കരണത്തിലേക്കും നയിച്ചു. എഫ് എം സി ജി മേഖലയിലേക്ക് ഐ ടി സി യെ വൈവിധ്യവത്കരിക്കുന്നതിലും വിറ്റുവരവ് 51,500 കോടിയായി ഉയർത്തുന്നതിലും ദേവേശ്വർ മുഖ്യപങ്കുവഹിച്ചു.

1947 ൽ പാക്കിസ്ഥാനിലെ ലാഹോറിൽ ജനിച്ച യോഗേഷ് ചന്ദർ ദേവേശ്വർ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഹാർവാർഡ് ബിസിനസ് സ്‌കൂളിലും പഠനം പൂർത്തിയാക്കിയ ശേഷം 1968 ൽ ഐ ടി സിയിൽ ചേർന്നു

ദേവേശ്വർ 1996 മുതൽ എക്‌സിക്യൂട്ടീവ് ചെയർമാനായി. 2017 മുതൽ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു. 1991 -1994 കാലഘട്ടത്തിൽ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചു.

2011 ൽ രാജ്യം ദേവേശ്വറിന് പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഭാര്യയും ഒരു മകനുമുണ്ട്.