സോഫ്റ്റ്ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളർ സമാഹരിക്കാൻ സ്‌നാപ്ഡീൽ

Posted on: October 28, 2014

Snapdeal-Founders-big

ഇകൊമേഴ്‌സ് കമ്പനിയായ സ്‌നാപ് ഡീൽ, ജപ്പാനിലെ ടെലികോം-ഇന്റർനെറ്റ് ഭീമൻ സോഫ്റ്റ്ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളറിന്റെ (6,100 കോടി രൂപ) മൂലധന നിക്ഷേപം സമാഹരിച്ചേക്കും. ഔദ്യോഗിക സ്ഥിരീകരണം വൈകാതെയുണ്ടാകും. ഫ്‌ലിപ്കാർട്ട് ഒരു ബില്യൺ ഡോളറും ആമസോൺ രണ്ടു ബില്യൺ ഡോളറും ഇന്ത്യയിൽ മുതൽ മുടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്‌നാപ്ഡീലിന്റെ നീക്കം. 50,000 ലേറെ വില്പനക്കാരാണ് ഡൽഹി ആസ്ഥാനമായുള്ള സ്‌നാപ്ഡീലിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

സോഫ്റ്റ്ബാങ്ക് ചെയർമാൻ മസായോഷി സൺ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് സോഫ്റ്റ്ബാങ്ക് കോർപറേഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെലികമ്യൂണിക്കേഷൻസ് മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുമായി സോഫ്റ്റ്ബാങ്ക് ചെയർമാൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇ-ബേ, കലാരി കാപ്പിറ്റൽ, നെക്‌സസ് വെഞ്ചർ, ബെസ്‌മെർ വെഞ്ചർ പാർട്‌ണേഴ്‌സ്, ഇന്റൽ കാപ്പിറ്റൽ, സാമാ കാപ്പിറ്റൽ, ടെമസെക്, ബ്ലാക്ക് റോക്ക് ഇൻ., മൈറെയ്ഡ്, പ്രേംജി ഇൻവെസ്റ്റ്, ടൈബേൺ, ഇൻഡോയുഎസ് വെഞ്ചർ പാർട്‌ണേഴ്‌സ് എന്നിവരാണ് സ്‌നാപഡീലിലെ മുഖ്യ നിക്ഷേപകർ. രത്തൻ ടാറ്റായും സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ചൈനീസ് ഇ കൊമേഴ്‌സ് ഭീമനായ അലിബാബയിൽ സോഫ്റ്റ്ബാങ്കിന് 37 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.